1

പൊലീസിന് ഇത് അഭിമാന നിമിഷം

ചന്തേര: വയലോടിയിലെ യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആറാം പ്രതിയും അറസ്റ്റിലായതോടെ കേസിൽ കുറ്റപത്രം ഉടൻ തയ്യാറാക്കും. ആറു ദിവസം കൊണ്ടാണ് ആറു പ്രതികളെയും പിടികൂടി ചന്തേര പൊലീസ് അന്വേഷണ മികവ് തെളിയിച്ചത്. തൃക്കരിപ്പൂർ മെട്ടമ്മൽ വയലോടിയിലെ പ്രിജേഷ് എന്ന പ്രീയേഷിനെ (35) വീടിന്റെ പരിസരത്തെ പറമ്പിൽ മോട്ടോർ സൈക്കിളിന്റെ സമീപത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ കേസിലാണ് പ്രതികളെ മുഴുവൻ ദിവസങ്ങൾക്കകം പിടിച്ച് പൊലീസ് കഴിവ് തെളിയിച്ചത്.

ആറാം പ്രതി എളമ്പച്ചി വിറ്റക്കുളത്തെ എം.എ മുഹമ്മദ്‌ നൂമാൻ (20) ആണ് അവസാനം പിടിയിലായത്. പ്രതികളെ മുഴുവൻ ദിവസങ്ങൾക്കകം പിടികൂടാൻ കഴിഞ്ഞത് ജില്ലാ പൊലീസിന് അഭിമാനമായി. ജില്ലാ പൊലീസ് ചീഫ് ഡോ. വൈഭവ് സക്സേനയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ കാഞ്ഞങ്ങാട് ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായരുടെ മേൽനോട്ടത്തിൽ ചന്തേര ഇൻസ്പെക്ടർ പി. നാരായണൻ, എസ്.ഐ എം.വി ശ്രീദാസ് എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് മുഴുവൻ പ്രതികളെയും ദിവസങ്ങൾക്കുള്ളിൽ അറസ്റ്റു ചെയ്തത്.

പ്രതികൾ വിദേശത്തേക്ക് കടക്കാൻ സാധ്യതയുള്ളതിനാൽ ലുക്കൗട്ട് നോട്ടീസ് അടക്കം തയ്യാറാക്കി പഴുതടച്ചുള്ള അന്വേഷണമാണ് പൊലീസ് നടത്തിയത്. വെറും 24 മണിക്കൂറിനകം തന്നെ ദൃക്‌സാക്ഷികളില്ലാത്ത ഈ കേസ് പൊലീസിന് തെളിയിക്കാൻ കഴിഞ്ഞു.

മൃതദേഹം കാണപ്പെട്ട ദിവസം തന്നെ പ്രതികളെ തിരിച്ചറിഞ്ഞ അന്വേഷണ സംഘം ഒട്ടും സമയം കളയാതെ അവരിൽ രണ്ടുപേരെ കസ്റ്റഡിയിൽ എടുത്തു. എല്ലാ ഭാഗത്ത് നിന്നും സമ്മർദ്ദം മുറുക്കി പൊലീസ് കുരുക്ക് ഇട്ടതോടെ രക്ഷയില്ലെന്ന് കണ്ട് പ്രതികളിൽ രണ്ടുപേർ സ്റ്റേഷനിൽ കീഴടങ്ങി. അറസ്റ്റിലായ പ്രതികൾ ആറു പേരും 20 നും 27 നും ഇടയിൽ പ്രായമുള്ള യുവാക്കളാണ്.

ചന്തേര പൊലീസിലെ എ.എസ്.ഐമാരായ ദിവാകരൻ, സുരേശൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ എൻ.എം. രമേശൻ, കെ.വി റിജേഷ് കുമാർ, എം. ദിലീഷ്, സുരേശൻ കാനം, സി.വി ഷാജു, സിവിൽ പൊലീസ് ഓഫീസർമാരായ സുധീഷ്, രഞ്ജിത്ത്, ഷിജിത്ത് പരിയാച്ചേരി, പി.കെ ഗിരീഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

കൊലപാതകത്തെ തുടർന്ന് യാതൊരുവിധ ക്രമസമാധാന പ്രശ്നങ്ങളും ഉണ്ടാകാതെ ജാഗ്രതപാലിക്കാനും പൊലീസിനു കഴിഞ്ഞു.