ആലക്കോട്: കേരളത്തിന്റെ സമ്പദ് വ്യവസ്ഥയിൽ വലിയ മാറ്റങ്ങൾക്ക് കാരണമായ റബ്ബർ കൃഷി മലയോരത്ത് നിന്നും പടിയിറങ്ങുന്നു. നിലവിലുള്ള റബ്ബർ തോട്ടങ്ങൾ പരിചരണമില്ലാതെ നശിക്കുകയും പുതിയതായി റബ്ബർ കൃഷി ചെയ്യാൻ കർഷകർ തയ്യാറാകാതിരിക്കുകയും ചെയ്തതോടെയാണ് റബ്ബർ പിൻവാങ്ങുന്നത്.

റബ്ബർ കൃഷി വ്യാപനത്തിനായി ആറ് പതിറ്റാണ്ട് മുമ്പ് ആലക്കോട്ട് റബ്ബർ ബോർഡ് ആരംഭിച്ച 14 ഏക്കർ വിസ്തൃതിയുള്ള റബ്ബർ നഴ്സറിയിൽ നിന്നും അത്യുൽപ്പാദന ശേഷിയുള്ള ലക്ഷക്കണക്കിന് ബഡ്ഡ് റബ്ബർ തൈകളാണ് ഓരോ വർഷവും കർഷകർക്ക് മിതമായ നിരക്കിൽ വില്പന നടത്തിയിരുന്നത്. ഇതിനു പുറമെ സ്വകാര്യ വ്യക്തികൾ നടത്തിവന്നിരുന്ന ധാരാളം റബ്ബർ നഴ്സറികളുമുണ്ടായിരുന്നു. റബ്ബറിന് വില കുതിച്ചുയർന്ന നാളുകളിൽ ആദ്യകാലത്ത് കൃഷിചെയ്ത നാടൻ റബ്ബർ മരങ്ങൾ മുറിച്ചുമാറ്റി പുതിയ ഇനം റബ്ബർ തൈകൾ നട്ട് പിടിപ്പിച്ചു.

റബ്ബർ കൃഷിക്ക് റബ്ബർ ബോർഡിൽ നിന്നും സബ്സിഡിയും നൽകി വന്നിരുന്നു. എന്നാൽ റബ്ബറിന്റെ ആഭ്യന്തര ഉത്പാദനം വർദ്ധിക്കുകയും ഇറക്കുമതി ചെയ്ത സിന്തറ്റിക് റബ്ബർ വിപണി പിടിച്ചെടുക്കുകയും ചെയ്തതോടെ റബ്ബർ കർഷകർ പ്രതിസന്ധിയിലായി. അടുത്തകാലത്തായി കാലാവസ്ഥാ വ്യതിയാനം മൂലം റബ്ബർ ടാപ്പിംഗ് കൃത്യമായി നടക്കാത്ത സ്ഥിതിയുമാണ്. പുതിയ തലമുറയിൽ പെട്ടവർ റബ്ബർ ടാപ്പിംഗ് നടത്തുന്നതും അപൂർവ്വമാണ്.

അടച്ചുപൂട്ടി നഴ്സറികൾ

നിലവിലുള്ള തോട്ടങ്ങളിൽ നല്ലൊരു പങ്കും ടാപ്പിംഗ് നടത്തുവാൻ ആളില്ലാത്ത സ്ഥിതിയാണ്. ഇതിനെത്തുടർന്ന് പഴയ മരങ്ങൾ മുറിച്ച് മാറ്റുന്നിടത്ത് പുതിയ റബ്ബർ തൈകൾ നടാറില്ല. ആവശ്യക്കാരില്ലാതായതോടെ റബ്ബർ നഴ്സറികൾ ബഹുഭൂരിപക്ഷവും അടച്ചു പൂട്ടി. ദിവസേന ലോഡ് കണക്കിന് റബ്ബർ മരങ്ങൾ മലയോരത്ത് നിന്നും മുറിച്ചു നീക്കുന്നുണ്ട്.

മുളയ്ക്കുന്നത് ഹൗസിംഗ് പ്ളോട്ടുകൾ

മരങ്ങൾ മുറിച്ചു നീക്കിയ സ്ഥലങ്ങൾ അഞ്ചും പത്തും സെന്റുകളാക്കി മുറിച്ചു വിൽക്കുന്നതിനാൽ ഇവിടങ്ങൾ ഹൗസിംഗ് കോളനികളായി മാറുന്നു. കൃഷിയിൽ നിന്നുള്ള വരുമാനം നിലച്ചതോടെ മലയോര മേഖലകളിൽ സാമ്പത്തിക പ്രതിസന്ധിയും വർദ്ധിച്ചുവരികയാണ്.