
ഇരിട്ടി: വർഷങ്ങളായി കാട്ടാനകളുടെ താവളമാക്കിയിടത്തേക്ക് കടുവ കൂടി കടന്നുകൂടിയതോടെ ആറളംഫാമിലെ എല്ലാ പ്രവൃത്തികളും നിലച്ചു. മുന്നിലൊന്ന് തൊഴിലാളികൾ മാത്രമാണ് ഇന്നലെ ഫാമിൽ ജോലിക്കെത്തിയത്. സ്ഥിരം തൊഴിലാളികളും താല്ക്കാലിക തൊഴിലാളികളും ജോലിയിൽ നിന്നും പൂർണായും വിട്ടുനിന്നു.
കടുവ ഇപ്പോൾ ഉണ്ടെന്ന് കരുതുന്ന ഫാം അഞ്ചാം ബ്ലോക്കിന്റെ പ്രവർത്തനം അധികൃതർ പൂർണ്ണമായും നർത്തിവച്ചിരിക്കുകയാണ്. ഈ ബ്ലോക്കിൽ തൊഴിലെടുക്കേണ്ട നാൽപതോളം തൊഴിലാളികളിൽ ജോലിക്കെത്തിയ പതിനഞ്ചോളം തൊഴിലാളികളെ തിങ്കളാഴ്ച ഫാമിന്റെ സെൻട്രൽ നഴ്സറിയിലേക്ക് മാറ്റി. നിരവധി കാർഷിക വിളകളുള്ള ഈ ബ്ലോക്കിന്റെ പ്രവർത്തനം നിലക്കുന്നത് ഫാമിനെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെത്തിക്കും. .
കാട്ടിലേക്ക് കടക്കാതെ കടുവ
അയ്യൻകുന്ന് പഞ്ചായത്തിലെ മുണ്ടയാം പറമ്പിൽ വനപാലകർ കണ്ടെത്തിയ കടുവ മൂന്ന് ദിവസം മുൻപാണ് ആറളം പഞ്ചായത്തിലെ ജനവാസ മേഖല വഴി കൊക്കോട് പുഴ കടന്ന് ഫാമിന്റെ രണ്ടാം ബ്ലോക്കിലെത്തിയത്. ഇവിടെ നിന്നും ഇത് സ്വമേധയാ വനത്തിലേക്ക് കടക്കുമെന്നാണ് വനപാലകർ കരുതിയിരുന്നത്. എന്നാൽ ഒന്നാം ബ്ലോക്കിൽ എത്തിയ കടുവയുടെ ദൃശ്യം ചെത്ത് തൊഴിലാളി മൊബൈലിൽ പകർത്തിയതോടെ ഫാം പുനരധിവാസ മേഖലയിലുള്ളവരും തൊഴിലാളികളും കുടുതൽ ആശങ്കയിലായി. ഞായറാഴ്ച്ച ഒന്നാം ബ്ലോക്കിൽ നിന്നും ഫാം നഴ്സറിക്ക് സമീപമുള്ള അഞ്ചാം ബ്ലോക്കിലേക്ക് കടുവ കടന്നത് ചെത്തു തൊഴിലാളി കണ്ടു. എന്നാൽ തിങ്കളാഴ്ച്ച ആരും കടുവയെ കണ്ടതായി പറയുന്നില്ല. പ്രദേശത്തെ പ്രധാന കേന്ദ്രങ്ങളിലും വഴികളിലും വനം വകുപ്പിന്റെ ദ്രുതകർമ്മ സേന അംഗങ്ങൾ പട്രോളിംഗ് നടത്തുന്നുണ്ട്.