drug



കണ്ണൂർ: പ്രതിവർഷം 16000 കോടി രൂപയുടെ അലോപ്പതി മരുന്ന് വിൽക്കുന്ന കേരളം അന്യസംസ്ഥാനങ്ങൾക്ക് പ്രധാന മരുന്നുവില്പനകേന്ദ്രവും പരീക്ഷണയിടവുമായി മാറുന്നു. അന്യസംസ്ഥാനങ്ങൾ നിർമ്മിക്കുന്ന സംയുക്തങ്ങൾ അതേപടി വിഴുങ്ങേണ്ട ഗതികേടിലാണ് സംസ്ഥാനം. പൊതുമേഖലയിൽ മരുന്നുനിർമ്മാണകമ്പനി തുടങ്ങണമെന്ന പതിറ്റാണ്ടുകളായുള്ള ആവശ്യത്തോട് മാറിമാറിവന്ന സർക്കാരുകൾ മുഖം തിരിച്ചതിന്റെ ഫലമാണിതെന്ന് വ്യക്തം.

പുറമെ നിന്നെത്തുന്ന മരുന്നുകൾ സർക്കാർ ആശുപത്രികളിൽ വിതരണം ചെയ്യുന്ന മെഡിക്കൽ സർവ്വീസസ് കോർപ്പേറഷൻ മാത്രമാണ് പൊതുമേഖലയിൽ മരുന്നുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്.ഗുജറാത്തിൽ നിന്നാണ് കൂടുതലും മരുന്നുകളുടെ വരവ്. കൊവിഡിനു ശേഷം ചൈനയിൽ നിന്നുള്ള വരവ് കുറഞ്ഞതോടെ സാദ്ധ്യത അറിഞ്ഞ് ഗുജറാത്ത് ഈ മേഖലയിൽ വൻനിക്ഷേപം കൊണ്ടുവരികയായിരുന്നു. തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളും കൊവിഡിനു ശേഷം മരുന്നുനിർമ്മാണ മേഖലയിൽ വൻ നിക്ഷേപമിറക്കിയിട്ടുണ്ട്. ചൈനയിൽ നിന്നു വരവ് കുറഞ്ഞതോടെ അരലക്ഷത്തോളം ബ്രാൻഡഡ് മരുന്നുകൾക്ക് 15 ശതമാനം വരെ വർദ്ധിച്ചിട്ടുമുണ്ട്.

മോണോ പോളിസ്റ്റിക് വിദേശ, ആഭ്യന്തര കമ്പനികളും സ്വകാര്യ മരുന്ന് ഷോപ്പുകളും സംസ്ഥാനത്ത് സ്വതന്ത്രമായി പ്രവർത്തിക്കുന്നത് ആരോഗ്യരംഗത്തിനും കടുത്ത ഭീഷണിയുയർത്തുകയാണെന്ന് കേരള കെമിസ്റ്റ് ആൻഡ് ഡ്രഗിസ്റ്റ് അസോസിയേഷൻ അടക്കമുള്ള സംഘടനകൾ കുറ്റപ്പെടുത്തുന്നു.

വില അവർക്ക് തോന്നിയപോലെ

വില നിയന്ത്രണത്തിന്റെ പരിധിയിൽ വരുന്ന ഏകമാത്ര മരുന്നുകളോട് ചികിത്സാപരമായി മറ്റ് മരുന്നുകൾ കൂട്ടിച്ചേർത്ത് വിലകൂട്ടി ഔഷധച്ചേരുവകളുടെ രൂപത്തിൽ മാർക്കറ്റ് ചെയ്ത് ലാഭം വർദ്ധിപ്പിക്കാനാണ് ഇത്തരം കമ്പനികളുടെ ശ്രമം. സംസ്ഥാനം സ്വന്തം നിലയിൽ ഒരു കമ്പനി ആരംഭിച്ചാൽ ഗുണനിലവാരം ഉറപ്പുവരുത്താനും അന്യസംസ്ഥാന കമ്പനികളുടെ ചൂഷണം നിയന്ത്രിക്കാനും കഴിയും.

അനുകൂല കാലാവസ്ഥ, അടിസ്ഥാന വികസന സൗകര്യം, മുതൽമുടക്കാൻ കമ്പനികൾ, യോഗ്യരായ വിദ്യാർത്ഥികൾ എന്നീ അനുകൂല ഘടകങ്ങളൊക്കെയുണ്ടായിട്ടും ഫാർമ മേഖലയിൽ സർക്കാരിന്റെ ഭാഗത്തു നിന്നു ശക്തമായ ഇടപെടലുണ്ടാകുന്നില്ല.

എ. എൻ മോഹൻ, സംസ്ഥാന പ്രസിഡന്റ്, എ. കെ. സി .ഡി .എ