
കാസർകോട് : സർക്കാർ തീരുമാനം നീളുന്നതിനാൽ ഗതാഗത വകുപ്പിൽ പ്രമോഷൻ നിയമനങ്ങൾ വൈകുന്നു. ജോയിന്റ് ട്രാൻസ്പോർട്ട് കമ്മിഷണർ, ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർ, ആർ.ടി.ഒ തസ്തികകളിലാണ് നിയമനം വൈകുന്നത്. ഇതു മുഴുവൻ പ്രമോഷനിലൂടെ നികത്തേണ്ട ഒഴിവുകളാണ്.
ഗതാഗത വകുപ്പ് ശുപാർശ സമർപ്പിച്ചാൽ മാത്രമെ പ്രമോഷൻ നിയമനത്തിൽ നടപടിയെടുക്കുകയുള്ളുവെന്നാണ് ചട്ടം. മെല്ലെപോക്ക് കാരണം പ്രമോഷൻ നിയമനം ഒരു വർഷമായി മുടങ്ങിക്കിടക്കുകയാണ്. ജോയിന്റ് ട്രാൻസ്‌പോർട് കമ്മിഷണർ തസ്തികയിൽ സർക്കാർ നിയമനം നടത്തിയാൽ ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മിഷണർമാർക്ക് പ്രമോഷൻ ലഭിക്കും. ഇതുവഴി ഏതാനും ആർ. ടി. ഒ മാർക്ക് ഉദ്യോഗകയറ്റത്തിലൂടെ ഡെപ്യൂട്ടി ട്രാൻസ്‌പോർട് കമ്മിഷണർ തസ്തികയിലുമെത്തും. ആർ.ടി.ഒ തസ്തികയിലേക്കും പ്രമോഷൻ ഉണ്ടാകും. നേരിട്ട് റിക്രൂട്ട്മെന്റ് ഇല്ലാത്ത തസ്തികകളാണിവയെല്ലാം.
ഉദ്യോഗസ്ഥരിൽ നിരാശ
ഗതാഗത വകുപ്പിന്റെയും സർക്കാരിന്റെയും തീരുമാനം നീളുന്നതിനാൽ വിരമിക്കുന്നതിന് മുമ്പ് പ്രമോഷൻ ലഭിക്കുമെന്ന പ്രതീക്ഷയറ്റ നിലയിലാണ് പല ഉദ്യോഗസ്ഥരും. ഈ ഡിസംബറിനുള്ളിൽ പ്രമോഷൻ നടന്നില്ലെങ്കിൽ അവസരം നഷ്ടപ്പെട്ട് പിരിയേണ്ടി വരുമെന്നാണ് ചില ഉദ്യോഗസ്ഥർ പറയുന്നത്. സ്ഥലം മാറ്റവും നിയമനവും നടത്തുന്നതിന് സോൺ അടിസ്ഥാനത്തിൽ ആക്കിയതും മോട്ടോർ വാഹന വകുപ്പിലെ ജീവനക്കാർക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട്. ചെക്ക് പോസ്റ്റുകളിലും മറ്റും നിയമിക്കപ്പെടുന്ന എം.
വി.ഐമാർക്കാണ് കൂടുതൽ പ്രയാസം. നേരത്തെ സ്ഥലം മാറ്റം നടത്തുന്നത് ആർ.ടി.ഒ ഓഫീസുകൾ അടിസ്ഥാനത്തിൽ ആയിരുന്നപ്പോൾ ഈ പ്രയാസം ഉണ്ടായിരുന്നില്ല.