
കണ്ണൂർ: ഹാൻവീവ് എം.ഡിയെ തെണ്ടിയെന്ന് വിളിച്ച് മുൻ എം.എൽ.എയും സി.പി.എം നേതാവുമായ ജെയിംസ് മാത്യുവിന്റെ പ്രസംഗം. തൊഴിലാളികളുടെ ശമ്പള കുടിശ്ശിക മുടങ്ങിയതിൽ പ്രതിഷേധിച്ച് ഹാൻവീവിന്റെ കണ്ണൂരിലെ ഹെഡ്ഓഫിസിന് മുന്നിൽ സി.ഐ.ടി.യു നടത്തിയ സമരത്തിനിടെ അദ്ധ്യക്ഷപ്രസംഗത്തിലാണ് കേരള ഹാൻഡ് ലൂം ഡെവലപ്‌മെന്റ് കോർപ്പറേഷൻ എംപ്ലോയീസ് യൂണിയൻ ജില്ല പ്രസിഡന്റായ ജെയിംസ് മാത്യുവിന്റെ അധിക്ഷേപം.
ഹാൻവീവ് ജീവനക്കാർക്ക് ശമ്പളം ലഭിച്ചിട്ട് രണ്ടര മാസമായി. ശമ്പള കുടിശ്ശിക 48 മണിക്കൂറിനകം നൽകിയില്ലെങ്കിൽ എം.ഡിയെന്ന് പറയുന്ന തെണ്ടിയെ ഓഫീസിൽ കാലുകുത്താൻ വിടില്ലെന്നായിരുന്നു ജയിംസ് മാത്യുവിന്റെ അധിക്ഷേപം. രണ്ട് ലക്ഷമാണ് എം.ഡിയുടെ ശമ്പളം. 25 ജീവനക്കാരുടെ ശമ്പളമാണ് എം.ഡി വാങ്ങുന്നത്. നാണവും ഉളുപ്പുമുണ്ടെങ്കിൽ ഈ പണി നിറുത്തി മറ്റു ജോലിക്ക് പോകുന്നതാണ് അയാൾക്ക് നല്ലതെന്നും ജെയിംസ് മാത്യു പറഞ്ഞു.