കാഞ്ഞങ്ങാട്: ജില്ലാ തല കേരളോത്സവത്തിന് പെരിയ ചാലിങ്കാൽ ശ്രീനാരായണ കോളേജിൽ കേളികൊട്ടുണർന്നു. ആദ്യ ദിനത്തിൽ ഒൻപത് ഇനങ്ങളിലായി ഓഫ് സ്റ്റേജ് മത്സരങ്ങളാണ് നടന്നത്. ഉപന്യാസം, കഥാരചന, കവിതാ രചന, ക്വിസ് മത്സരം, ചിത്ര രചന, കാർട്ടൂൺ, കളിമൺ ശിൽപ്പ നിർമ്മാണം, ഫ്ളവർ അറേഞ്ച്മെന്റ്, മെഹന്തി എന്നീ സ്റ്റേജിതര മത്സരങ്ങൾ സാഹിത്യകാരൻ പി.വി.ഷാജികുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.ശകുന്തള അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ സി ജെ സജിത്ത്, ഫാത്തിമത്ത് ഷംന, ബിജു, എ.വി.ശിവപ്രസാദ്, എന്നിവർ സംസാരിച്ചു. അഡ്വ.എസ് .എൻ.സരിത സ്വാഗതം പറഞ്ഞു. വ്യാഴാഴ്ച അഞ്ച് വേദികളിലായി സ്റ്റേജ് തല മത്സരങ്ങൾ നടക്കും.