subaidha

കാസർകോട്: പെരിയ ആയമ്പാറ ചെക്കിപ്പള്ളത്തെ സുബൈദയെ(60) കൊലപ്പെടുത്തി 27 ഗ്രാം സ്വർണാഭരണങ്ങൾ കവർന്ന കേസിലെ ഒന്നാം പ്രതി കുഞ്ചാർ കോട്ടക്കണ്ണിയിലെ അബ്ദുൾഖാദറിനെ(34) ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു.ഇന്നലെ ഉച്ചയോടെയാണ് പ്രതിക്കുള്ള ശിക്ഷ ജഡ്ജി സി.കൃഷ്ണകുമാർ പ്രഖ്യാപിച്ചത്. പ്രതിയെ ചൊവ്വാഴ്ച കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.

ഇന്ത്യൻ ശിക്ഷാനിയമം 302 വകുപ്പ് പ്രകാരം ജീവപര്യന്തം തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കിൽ മൂന്ന് വർഷം അധികതടവ് അനുഭവിക്കണം. ഇന്ത്യൻ ശിക്ഷാനിയമം 452, 394 എന്നിവ പ്രകാരം യഥാക്രമം അഞ്ചുവർഷം തടവ്,കാൽലക്ഷം പിഴ, പത്തുവർഷം കഠിനതടവ് ,കാൽലക്ഷം പിഴ എന്നിവയും പ്രതിക്കെതിരെ വിധിച്ചിട്ടുണ്ട്. ശിക്ഷകൾ എല്ലാം ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും.

കേസിലെ മൂന്നാംപ്രതിയായ മാന്യയിലെ കെ.അബ്ദുൾ ഹർഷാദിനെതിരെ ചുമത്തിയ കുറ്റം തെളിയിക്കാൻ അന്വേഷണസംഘത്തിനായില്ല. ഒളിവിൽ കഴിയുന്ന രണ്ടാം പ്രതി സുള്ള്യ അജ്ജാവരയിലെ അബ്ദുൽ അസീസിനെതിരായ(34) കേസ് പിന്നീട് പരിഗണിക്കും. നാലാം പ്രതിയായ ബാവ അസീസിനെ കേസിൽ മാപ്പുസാക്ഷിയാക്കിയിരുന്നു.

സുബൈദയുടെ വീട്ടിൽ നിന്നും മോഷ്ടിച്ച ആഭരണങ്ങൾ കാസർകോട്ടെ ജ്വല്ലറിയിൽ നിന്നും കണ്ടെടുത്തിരുന്നു. പ്രതികൾ കൃത്യം നടത്താനായി കാസർകോട്ടു നിന്നും വാടകക്കെടുത്ത രണ്ടുകാറുകളും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. അന്ന് സി.ഐ ആയിരുന്ന വി.കെ.വിശ്വംഭരനാണ് അന്വേഷണം പൂർത്തിയാക്കി ഹൊസ്ദുർഗ് കോടതിയിൽ 1500 പേജുള്ള കുറ്റപത്രം സമർപ്പിച്ചിരുന്നത്. കേസ് പിന്നീട് വിചാരണക്കായി ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിക്ക് കൈമാറുകയായിരുന്നു. 48 സാക്ഷികളെയാണ് കേസിൽ വിസ്തരിച്ചത്. പ്രോസിക്യൂഷന് വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ കെ.ദിനേശ്കുമാറും പ്രതികൾക്ക് വേണ്ടി മാധവൻ മലാങ്കാട്, എ.ജി.നായർ എന്നിവരും ഹാജരായി.