
ഹോസ്ദുർഗ് : ടൂറിസം മേഖലയിൽ അതിവേഗം മുന്നോട്ടുകുതിക്കുന്ന ജില്ലയ്ക്ക് മുതൽ കൂട്ടാകാൻ ഹൊസ്ദുർഗിൽ കൈറ്റ് ബീച്ച് ഒരുങ്ങുന്നു. നിർമ്മാണം അവസാന ഘട്ടത്തിലെത്തിനിൽക്കുന്ന ബീച്ച് ഉടൻ തന്നെ പൂർണസജ്ജമാകും. വടക്ക് തലപ്പാടി മുതൽ തെക്ക് തയ്യൽ കടപ്പുറം വരെയായി 85 കിലോമീറ്റർ നീണ്ടുകിടക്കുന്ന കടൽത്തീരം ജില്ലയുടെ ടൂറിസം മേഖലയുടെ മുഖമാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് ഹൊസ്ദുർഗിൽ കൈറ്റ് ബീച്ച് ഒരുക്കിയത്.
ഡി.ടി.പി.സിയുടെ നേതൃത്വത്തിലാണ് കൈറ്റ് ബീച്ച് നിർമ്മാണം. ബീച്ചിലേക്ക് സഞ്ചാരികളെ ആകർഷിക്കാൻ കരകൗശല വസ്തുക്കളുടെ വിൽപന ശാല, ഭക്ഷണശാല എന്നിവ ഒരുക്കിയിട്ടുണ്ട്. സ്ത്രീകൾക്കും പുരുഷൻമാർക്കുമായി പ്രത്യേക വിശ്രമമുറി, ഭിന്നശേഷിക്കാർക്ക് പ്രത്യേക ടോയ്‌ലെറ്റ് എന്നിവയും ഇവിടെ ഒരുക്കി. കൂടാതെ തീരദേശഭംഗി ആസ്വാദിക്കാൻ കഴിയും വിധമുള്ള ഇരിപ്പിടങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. ഭാവിയിൽ കുട്ടികൾക്കായുള്ള കളിസ്ഥലം ഒരുക്കാനും, സെൽഫി പോയിന്റ് തുടങ്ങിയവ നിർമ്മിക്കാനും ഡി.ടി.പി.സിക്ക് ലക്ഷ്യമുണ്ട്. തീരത്തിന്റെ സ്വാഭാവികത നിലനിർത്തി ബീച്ച് അനുഭവം കൂടുതൽ സുന്ദരമാക്കുന്ന നിർമ്മാണങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.
പട്ടം പോലെ പറന്ന്...
പട്ടം പറത്താം പട്ടം പറത്തൽ രംഗത്ത് നിരവധി മത്സരങ്ങൾ ജില്ലയിൽ നടന്നുവരുന്നുണ്ട്. വർഷങ്ങളായി ബേക്കൽ ബീച്ച് കേന്ദ്രീകരിച്ചാണ് പട്ടം പറത്തൽ മത്സരങ്ങൾ നടക്കുന്നത്. ഹൊസ്ദുർഗ് കൈറ്റ് ബീച്ച് പൂർത്തിയാകുന്നതോടെ ഇത് കൂടുതൽ ആകർഷകമാകും. ഇതുവഴി കൂടുതൽ ആഭ്യന്തര, വിദേശ വിനോദസഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കാൻ സാധിക്കുമെന്നാണ് കണക്കൂകൂട്ടുന്നത്. പട്ടം പറത്തൽ ഉൾപ്പടെ ബീച്ചിനെ ഉൽസവപ്രതീതിയിലാക്കുന്ന പരിപാടികളാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്.
വാട്ടർ സ്പോർട്സും പരിഗണനയിൽ
രണ്ടാം ഘട്ടമായി വാട്ടർ സ്‌പോർട്സിനുള്ള സൗകര്യങ്ങളും ഒരുക്കാൻ ഡി.ടി.പി.സി പദ്ധതിയിടുന്നു. ഉടൻ പ്രവർത്തനം ആരംഭിക്കും കൈറ്റ് ബീച്ച് നിർമ്മാണത്തിന്റെ 80 ശതമാനത്തോളം പ്രവൃത്തികൾ പൂർത്തിയായി കഴിഞ്ഞു. 98.74 ലക്ഷം രൂപയാണ് കൈറ്റ് ബീച്ച് പദ്ധതിക്കായി അനുവദിക്കപ്പെട്ടത്. നിർമ്മിതി കേന്ദ്രത്തിനാണ് നിർമ്മാണച്ചുമതല.
കൈറ്റ് ബീച്ചിന്റെ നിർമ്മാണം പൂർത്തീകരിച്ച് എത്രയും പെട്ടെന്ന് നടത്തിപ്പിനായി നൽകാനുള്ള പ്രവർത്തനങ്ങൾ നടക്കുകയാണ്- ഡി.ടി.പി.സി സെക്രട്ടറി ലിജോ ജോസഫ്