പരിയാരം: ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെ ദേശീയ പാതയിൽ ഏഴിലോട് ചക്ലിയ കോളനി സ്റ്റോപ്പിൽ നിയന്ത്രണം വിട്ട് മറിഞ്ഞ പാചകവാതക ടാങ്കർ നാടിനെ ആശങ്കയിലാഴ്ത്തിയത് പത്തുമണിക്കൂറോളം. കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബുള്ളറ്റ് ടാങ്കർ ദേശീയപാത വികസനത്തിനായി എടുത്ത കുഴിയിലേക്ക് മറിഞ്ഞാണ് വൻഭീതി പരത്തിയത്.
കണ്ണൂർ ചാലയിലെ ടാങ്കർ ലോറിയപകടത്തിന്റെ അനുഭവം മുന്നിലുള്ളതിനാൽ പൊലീസും അഗ്നിശമനസേനയും ഉണർന്നു പ്രവർത്തിക്കുകയായിരുന്നു. ദേശീയപാത വഴി വാഹനഗതാഗതം തടഞ്ഞു. വൈദ്യുതി വിച്ഛേദിച്ചു. സമീപത്തെ വീടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. പയ്യന്നൂർ ഫയർസ്‌റ്റേഷൻ ഓഫീസർ ടി.കെ.സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ മൂന്ന് യൂണിറ്റ് ചൊവ്വാഴ്ച്ച രാത്രിമുതൽ തന്നെ സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു. ഖലാസികളെ ഉപയോഗിച്ച് മറിഞ്ഞ ടാങ്കർ ഉയർത്താൻ ആദ്യം ശ്രമിച്ചെങ്കിലും ഇന്ത്യൻ ഓയിൽ കോർപറേഷൻ സേഫ്റ്റി ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം ഇത് ഒഴിവാക്കി. മറിഞ്ഞ ടാങ്കറിൽ നിന്നും പാചകവാതകം മറ്റൊന്നിലേക്ക് മാറ്റാനായിരുന്നു തീരുമാനം.
കോഴിക്കോട് ചേളാരി ഇൻഡ്യൻ ഓയിൽ കോർപ്പറേഷൻ പ്ലാന്റിൽ നിന്ന് ഇന്നലെ പുലർച്ചെയോടെ എത്തിയ സെക്യൂരിറ്റി ഓഫീസർ ആദിത്യ, സാങ്കേതിക വിദഗ്ധരായ ബിജോയി, വിദ്യാധരൻ എന്നിവരുടെ നേതൃത്വത്തിൽ രാവിലെ 7 മണിയോടെ പാചകവാ തകം മാറ്റിത്തുടങ്ങി. എട്ടുമണിക്കൂർ ഇതിനായി വേണ്ടിവരുമെന്ന് അറിയതിനെ തുടർന്ന് സമയം ലാഭിക്കാൻ പകുതിയോളം ഗ്യാസ് നീക്കം ചെയ്ത ടാങ്കർ നാലരയോടെ ഖലാസികളെ ഉപയോഗിച്ച് ഉയർത്തി മാറ്റി. മൂന്ന് ബുള്ളറ്റ് ടാങ്കറുകളാണ് മറിഞ്ഞ ടാങ്കറിൽ നിന്നും പാചകവാതകം നീക്കം ചെയ്യുന്ന പ്രവൃത്തിക്കായി കൊണ്ടുവന്നത്. ഏതെങ്കിലും ടാങ്കറിന് പ്രശ്നമുണ്ടായാൽ ഉപയോഗിക്കാനാണ് രണ്ടെണ്ണം കൂടി അധികമായി എത്തിച്ചത്. പാചകവാതകം മാറ്റിക്കഴിയുന്നതുവരെ ഇതുവഴിയുള്ള ഗതാഗതവും സമീപ പ്രദേശങ്ങളിലെ പാചകവും നിർത്തിവെപ്പിച്ചിരുന്നു. പ്രദേശത്ത് വൈദ്യുതി വിതരണവും നിർത്തിവെപ്പിച്ചു.
പാചകവാതകം മാറ്റുന്നതിനിടയിൽ പമ്പ് ചെയ്യുന്നതിനായി സമീപത്തെ ക്ഷേത്രക്കുളത്തിൽ നിന്ന് ഫയർഫോഴ്സ് വെള്ളം ശേഖരിച്ചു. . പയ്യന്നൂർ തഹസിൽദാർ എം.കെ.മനോജ്കുമാർ, ചെറുതാഴം വില്ലേജ് ഓഫീസർ എം.പ്രദീപൻ, ജീവനക്കാരായ മൊയ്തീൻ കുട്ടി, രവീന്ദ്രനാഥ് തുടങ്ങിയവരും സ്ഥലത്ത് ഉണ്ടായിരുന്നു. അപകടം നടന്നയുടൻ കടന്നപ്പള്ളി വില്ലേജ് ഓഫീസർ ടി.എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിൽ ജീവനക്കാർ സ്ഥലത്തെത്തിയിരുന്നു. പരിയാരം എസ്.ഐമാരായ നിബിൻ ജോയ്, ശശിധരൻ എന്നിവരുടെ നേതൃത്വ ത്തിൽ പൊലീസ് സുരക്ഷാക്രമീകരണം ഒരുക്കി. രക്ഷാപ്രവർത്തനം നടത്തിയ ഉദ്യോഗസ്ഥർക്ക് ഭക്ഷണവും വെളളവും എത്തിച്ച് നാട്ടുകാരും ദൗത്യത്തിൽ പങ്കാളികളായി. എം.വിജിൻ എം.എൽ.എ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് സ്ഥലത്ത് തന്നെയുണ്ടായിരുന്നു.
.തളിപ്പറമ്പ് ഭാഗത്തുനിന്നും ചുടല-മാതമംഗലം-മണിയറ വഴി പയ്യന്നൂർ ഭാഗത്തേക്കും കണ്ണൂരിൽ നിന്നും പഴയങ്ങാടി, വെങ്ങര, പാലക്കോട് മുട്ടം രാമന്തളി വഴി പയ്യന്നൂരിലേക്കും ഗതാഗതം തിരിച്ചുവിട്ടു. കാസർകോട് -പയ്യന്നൂർ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ എടാട്ട് കോളേജ് സ്‌റ്റോപ്പ് വഴി കൊവ്വപ്പുറം ഹനുമാരമ്പലം വഴി പഴയങ്ങാടിയിലെത്തിയാണ് കണ്ണൂരിലേക്ക് പോയത്. പയ്യന്നൂർ ഡി.വൈ.എസ്.പി കെ.ഇ.പ്രേമചന്ദ്രന്റെ നേതൃത്വത്തിലാണ് പ്രദേശത്ത് സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയത്. വൈകുന്നേരം അഞ്ചുമണിയോടെയാണ് ദേശീയപാതയിൽ ഗതാഗതം പുനസ്ഥാപിക്കാനായത്.
ടാങ്കർ ലോറി ഡ്രൈവർ അറസ്റ്റിൽ
അപകടത്തിൽ പെട്ട ടാങ്കർ ലോറിയുടെ ഡ്രൈവർ തമിഴ്നാട് നാമക്കൽ സ്വദേശി മണിവേലിനെ(40) സംഭവവുമായി ബന്ധപ്പെട്ട് പരിയാരം പൊലീസ് അറസ്റ്റുചെയ്തു. ഈയാൾ മദ്യലഹരിയിലായിരുന്നുവെന്ന് തെളിഞ്ഞതിനെ തുടർന്നാണിത്. മണിവേലിനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി.