ഇരിട്ടി: കടുവയ്‌ക്കൊപ്പം ആറളം ഫാമിൽ കാട്ടാനയുടെ പരാക്രമം. ഫാം ഒൻമ്പതാം ബ്ലോക്കിലെ മോഡൽ റസിഡൻഷ്യൽ സ്‌കൂളിന്റെ ചുറ്റുമതിൽ തകർത്ത ആനക്കൂട്ടം സമീപത്തെ ഫാമിന്റെ അധീനതയിലുള്ള കുരുമുളക് തോട്ടവും വ്യാപകമായി നശിപ്പിച്ചു. കഴിഞ്ഞദിവസം രാത്രിയാണ് ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച സ്‌കൂളിന്റെ ചുറ്റുമതിലിന്റെ ഇരുപത് മീറ്ററോളം കാട്ടാന തകർത്തത്.
സ്‌കൂളിൽ നിന്നും ഒരു കിലോമീറ്റർ മാറി ആറളം ഫാം കാർഷിക നഴ്സറിയുടെ അധീനതയിലുള്ള ഒന്നര ഏക്കർ സ്ഥലത്തെ കുരുമുളക് തോട്ടവും നശിപ്പിച്ചു. കുരുമുളക് ചെടി വളർന്ന ചെറുമാരങ്ങൾ വ്യാപകമായി ചവിട്ടി ഒടിച്ചു. നൂറുകണക്കിന് കരുമുളക് വള്ളികളാണ് നശിപ്പിച്ചത്. നിറയെ കുരുമുളക് ഉള്ള മരങ്ങളാണ് നശിപ്പിച്ചവയിൽ എല്ലാം. കടുവ ഭീഷണി നിലനിൽക്കെ കാട്ടാനയുടെ ഭീഷണിയും വൻ പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്. കടുവ ഫാമിന്റ അഞ്ചാം ബ്ലോക്കിലെ കൃഷിയിടത്തിൽ തന്നെയാണ് ഉള്ളത് എന്നാണ് വകുപ്പുകാരുടെ നിഗമനം. കടുവയെ നിരീക്ഷിക്കുന്നതിനാൽ ഫാമിനകത്തുള്ള കാട്ടാനകളെ വനത്തിലേക്ക് തുരത്തുവാനുള്ള നടപടികൾ നിർത്തിവച്ചിരിക്കുകയാണ്.