തളിപ്പറമ്പ്: അനാദി മൊത്ത വിതരണ കടയ്ക്ക് വൻ തീപിടുത്തം. 70 ലക്ഷം രൂപയുടെ നഷ്ടം. മെയിൻ റോഡിലെ അക്ബർ ട്രേഡേഴ്സ് എന്ന വ്യാപാര കേന്ദ്രത്തിനാണ് തീപിടിച്ചത്. ബുധനാഴ്ച രാത്രി 11.45 ന് അടച്ചിട്ട കടയുടെ ഷട്ടറിന് പുറത്തേക്ക് പുക ഉയർന്നതോടെ ആണ് അതുവഴിപോയവർ പൊലീസിലും അഗ്നിശമന കേന്ദ്രത്തിലും വിവരമറിയിച്ചത്.
തളിപ്പറമ്പിന് പുറമെ കണ്ണൂർ, പയ്യന്നൂർ എന്നിവിടങ്ങളിൽ നിന്നുള്ള നാല് യൂണിറ്റ് ഫയർഫോഴ്സ് റീജിയണൽ ഫയർ ഓഫീസർ പി. രഞ്ജിത്തിന്റെ നേതൃത്വത്തിലെത്തിയാണ് തീയണച്ചത്. പുലർച്ചെ നാലരയോടെയാണ് തീ കെടുത്താനായത്.
മുഹമ്മദ് ഷാഫിയുടെ ഉടമസ്ഥതയിലുള്ളതാണ് അക്ബർ ട്രേഡേഴ്സ്. അരിയും പലവ്യഞ്ജനങ്ങളും ഉൾപ്പെടെയുള്ള സാധനങ്ങൾ പൂർണമായും കത്തി തീരാതെ പുക ഉയർന്നതിനെ തുടർന്ന് രാവിലെ അഗ്നിശമനസേന ഇവിടെ എത്തി വെള്ളം ചീറ്റിയിരുന്നു. കത്തിയമർന്ന കടയുടെ മുകൾഭാഗത്തെ ഗോഡൗണും പൂർണമായി നശിച്ചു. മുകൾ ഭാഗത്തായായിരുന്നു വെളിച്ചെണ്ണ സംഭരിച്ച് വച്ചിരുന്നത്. അടുത്ത മുറിയിലെ ഗോഡൗണിൽ നിന്നും സാധനങ്ങൾ മാറ്റിയതിനാൽ നഷ്ടം കുറക്കാനായി. പയ്യന്നൂരിൽ നിന്ന് സീനിയർ ഫയർ ആന്റ് റസ്‌ക്യൂ ഓഫീസർ പി. സജീവൻ, തളിപ്പറമ്പിൽ നിന്ന് അസി. സ്‌റ്റേഷൻ ഓഫീസർ ടി. അജയൻ എന്നിവരുടെ നേതൃത്വത്തിലാണ് അഗ്നിശമനസേന എത്തിയത്.
ഫയർ വർക്സ് ഗോഡൗണിൽ
തീപടരുന്നത് ഒഴിവാക്കി
തീപിടിച്ച അക്ബർ ട്രേഡേഴ്സിന്റെ അടുത്ത മുറിയിൽ ഫയർ വർക്സിന്റെ വിൽപ്പനശാലയും ഗോഡൗണുമായിരുന്നു. ഇവിടെ പടക്കങ്ങൾ സംഭരിച്ചിരുന്നു. തീ പടർന്നതോടെ പടക്കക്കടയുടെ പൂട്ട് തകർത്ത് സ്‌റ്റോക്ക് ചെയ്ത സാധനങ്ങളെല്ലാം സുരക്ഷിതമായി മാറ്റിയത് കാരണം നഗരം വലിയ തീപിടിത്തത്തിൽ നിന്ന് രക്ഷപ്പെട്ടു. സന്ദർഭോചിതമായി നാട്ടുകാരും വ്യാപാരികളും ഉണർന്നു പ്രവർത്തിച്ചത് കൊണ്ട് മാത്രമാണ് വലിയ ദുരന്തം വഴിമാറിയത്.