പയ്യന്നൂർ: ജൈവ ഗ്രാമം പദ്ധതി സംബന്ധിച്ച് ചെയർപേഴ്സൺ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് ആരോപിച്ച് പ്രതിപക്ഷം ഇന്നലെ നടന്ന നഗരസഭ കൗൺസിൽ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. പ്രതിപക്ഷ നേതാവ് കെ.കെ. ഫൽഗുണനാണ് കൗൺസിൽ യോഗത്തിൽ വിഷയം ഉന്നയിച്ചത്. പട്ടികജാതി വിഭാഗക്കാർക്ക് കൃഷിയനുബന്ധ മേഖലയിലൂടെ തൊഴിൽ നൽകാൻ എന്ന പേരിൽ പത്ത് വർഷം മുൻപ് ഭൂമി ഏറ്റെടുത്ത് നടപ്പിലാക്കിയ പദ്ധതി ഇതുവരെയും പ്രാവർത്തികമാക്കാൻ നഗരസഭക്ക് കഴിഞ്ഞിട്ടില്ലെന്നും ,

പദ്ധതിയുടെ ഇപ്പോഴത്തെ സ്ഥിതി എന്താണെന്നും പ്രവർത്തന സജ്ജമാക്കുവാൻ എന്തുനടപടിയാണ് സ്വീകരിച്ചതെന്നുമായിരുന്നു ചോദ്യം. നഗരസഭയിൽ പാതി വഴിയിൽ മുടങ്ങി കിടക്കുന്ന പദ്ധതികളിൽ ഒരെണ്ണം കൂടി വർദ്ധിച്ചതായും കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷങ്ങളിൽ ബഡ്ജറ്റിൽ പദ്ധതിക്കായി തുക വകയിരുത്തിയിട്ടില്ലാത്തതാണ് ഇത്തരമൊരു സംശയം ഉടലെടുക്കാൻ കാരണമെന്നും കെ.കെ. ഫൽഗുണൻ പറഞ്ഞു. പദ്ധതിയിലേക്കുള്ള ഗുണഭോക്താക്കളെ കണ്ടെത്തി അടുത്ത വർഷത്തോടെ കേരളത്തിൽ മൊത്തം മാതൃകയാകുന്ന തരത്തിൽ ജൈവ ഗ്രാമം പദ്ധതി പൂർത്തിയാക്കാനുള്ള നടപടികൾ നടന്നുവരുന്നതായി ചെയർപേഴ്സൺ കെ.വി. ലളിത വിശദീകരിച്ചു.

പൂർണ്ണമായും നിയമ വിധേയമായും, സുതാര്യമായും നടത്തിയ പ്രവർത്തനങ്ങളെയും, നഗരസഭയെയും അപഹസിക്കുന്ന രീതിയിലും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലുമാണ് പ്രതിപക്ഷം പദ്ധതിയെ പറ്റി ആക്ഷേപം ഉന്നയിക്കുന്നതെന്ന് ചെയർപേഴ്സൺ പറഞ്ഞു. പദ്ധതി നടത്തിപ്പിൽ അഴിമതി ഉന്നയിക്കാത്തത് തന്നെ , പ്രതിപക്ഷം കൂടി ഇതിലെ സത്യസന്ധത അംഗീകരിക്കുന്നത് കൊണ്ടാണെന്നും ആകെയുള്ള ആക്ഷേപം പദ്ധതി നടത്തിപ്പിൽ കാലതാമസം ഉണ്ടായി എന്നു മാത്രമാണെന്നും അവർ പറഞ്ഞു.

യു.ഡി.എഫ്. ഉൾപ്പെടെയുള്ള നഗരസഭാ അംഗങ്ങൾ ഏകകണ്ഠമായാണ് പദ്ധതിക്ക് തുടക്കത്തിൽ അംഗീകാരം നൽകിയത്. ഒറ്റ വർഷം കൊണ്ട് പൂർണ്ണമായും നടപ്പിലാക്കാൻ പറ്റുന്ന പദ്ധതിയായിട്ടല്ല ജൈവ ഗ്രാമം വിഭാവനം ചെയ്തത്. ഏറ്റവും പ്രാഥമികമായി ചെയ്യേണ്ട കാര്യങ്ങളുടെ പ്രാധാന്യം മുൻനിർത്തിയാണ് പദ്ധതികൾ രൂപീകരിച്ച് നടപ്പിലാക്കി വരുന്നത്. എന്നിരുന്നാലും ജൈവ ഗ്രാമത്തിന്റെ പ്രാധാന്യം മുൻനിർത്തി പദ്ധതി പ്രദേശം കൃഷിക്കും, ജീവസന്ധാരണത്തിനും ഉപയോഗ പ്രദമാകും രീതിയിൽ ഒരോ പദ്ധതി വർഷത്തിലും ഘട്ടം ഘട്ടമായി പശ്ചാത്തല സൗകര്യ വികസനം നടപ്പിലാക്കി വരുന്നുണ്ട്.

ചെയർപേഴ്സൺ കെ.വി. ലളിത