മട്ടന്നൂർ: വഴിത്തർക്കത്തെ തുടർന്ന് ചാവശ്ശേരിപ്പറമ്പിൽ സ്ത്രീയെ അയൽവാസി വെട്ടിപ്പരിക്കേൽപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ടി.എൻ. മൈമൂന (47)യെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അയൽവാസിയായ അബ്ദുവാണ് വെട്ടിയതെന്നാണ് പൊലീസിന് നൽകിയ മൊഴി. ഇന്നലെ രാവിലെ 6.30 ഓടെയാണ് സംഭവം. ബന്ധുവിനെ വാഹനം കയറ്റി വിടാൻ റോഡരികിലെത്തിയ മൈമൂന തിരികെ വീട്ടിലേക്ക് വരുന്നതിനിടെ അയൽവാസിയായ അബ്ദു കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
ബഹളം കേട്ടെത്തിയ അയൽവാസികളാണ് കഴുത്തിന് വെട്ടേറ്റ മൈമൂനയെ റോഡിൽ വീണു കിടക്കുന്ന നിലയിൽ കണ്ടത്. അബ്ദുവിന്റെ വീടിന് സമീപത്തു കൂടി അടുത്ത വീടുകളിലേക്ക് റോഡ് നിർമ്മിച്ചതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായിരുന്നു. കൂത്തുപറമ്പ് എ.സി.പി. പ്രദീപൻ കണ്ണിപ്പൊയിൽ, മട്ടന്നൂർ എസ്.ഐ കെ.വി. ഉമേശൻ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതിക്ക് വേണ്ടി പൊലീസ് തെരച്ചിൽ നടത്തുകയാണ്.