പയ്യന്നൂർ: പത്ത് വർഷമായിട്ടും ജൈവ ഗ്രാമം പദ്ധതി പ്രാവർത്തികമാക്കാത്തതിൽ പ്രതിഷേധിച്ച് നഗരസഭാ ഓഫീസിലേക്ക് കോൺഗ്രസ് മാർച്ച് നടത്തി. പദ്ധതി നടത്തിപ്പിനെതിരെ അന്വേഷണം നടത്തണമെന്നും . നഗരസഭയുടെ കെടുകാര്യസ്ഥതക്കും വികസന മുരടിപ്പിനുമെതിരെയാണ് മാർച്ച് സംഘടിപ്പിച്ചതെന്നും ബ്ലോക്ക് കോൺഗ്രസ്സ് നേതാക്കൾ പറഞ്ഞു. നഗരസഭാ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ അംഗങ്ങൾ പ്രശ്നം ഉന്നയിക്കുന്ന സമയത്താണ് വനിതകൾ അടക്കമുള്ള പ്രവർത്തകർ പ്രതിഷേധ മാർച്ചുമായി നഗരസഭ ഓഫീസ് പരിസരത്തെത്തിയത്.
ഡി.സി.സി. പ്രസിഡന്റ് അഡ്വ : മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് വി.സി. നാരായണൻ അദ്ധ്യക്ഷത വഹിച്ചു. എ.പി. നാരായണൻ, കെ.കെ. ഫൽഗുണൻ, കെ.പി. മോഹനൻ തുടങ്ങിയവർ പ്രസംഗിച്ചു.
മാർച്ച് തടയുന്നതിന്റെ ഭാഗമായി നഗരസഭ ഓഫീസിലേക്കുള്ള പ്രവേശന കവാടങ്ങളെല്ലാം പൂട്ടിയത് കാരണം കൗൺസിൽ യോഗം ബഹിഷ്കരിച്ച് ഇറങ്ങിവന്ന പ്രതിപക്ഷ അംഗങ്ങൾക്ക് സമരം നടത്തുവന്നവർക്ക് അടുത്തേക്ക് പോകുവാൻ വഴിയില്ലാത്തത് പൊലീസുമായി തർക്കത്തിനിടയാക്കി. സംഭവത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങൾ പ്രധാന ഗേറ്റിനരികിൽ കുത്തിയിരിപ്പ് നടത്തി. പിന്നീട് പൊലീസ് പുറകിലെ ഗേറ്റ് തുറന്ന് കൊടുത്ത് പ്രശ്നം പരിഹരിച്ചു. ബാരിക്കേഡ് തള്ളിമാറ്റി മുന്നേറാൻ പ്രവർത്തകർ ശ്രമം നടത്തിയെങ്കിലും പൊലീസ് ശക്തമായ പ്രതിരോധം തീർത്തു.