കൊട്ടിയൂർ: ബഫർ സോൺ ഉപഗ്രഹ സർവേ റിപ്പോർട്ടിലെ ദുരൂഹതയിൽ മലയോരത്ത് പ്രതിഷേധം കനക്കുന്നു. യൂത്ത് കോൺഗ്രസ് കൊട്ടിയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊട്ടിയൂർ കണ്ടപ്പുനം ഫോറസ്റ്റ് ഓഫീസ് മുൻപിൽ ധർണ നടത്തി. ഡി.സി.സി സെക്രട്ടറി പി.സി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിഖിൽ പള്ളിക്കമാലിൽ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സണ്ണി വേലിക്കകത്ത്, യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി ജിജോ ആന്റണി, ജില്ല എക്സിക്യൂട്ടീവ് അംഗം റെയ്സൺ കെ.ജെയിംസ്, ബ്ലോക്ക് പ്രസിഡന്റ് സോനു വല്ലത്ത്കാരൻ, ആഷിൽ ആന്റണി, ജോബിഷ് ജോസഫ്, റെനീഷ് ഇരിങ്ങോളി, ജിൽസ് മേക്കൽ എന്നിവർ പ്രസംഗിച്ചു.
ബഫർ സോൺ മാപ്പിലെ അവ്യക്തതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള ഇൻഡിപ്പെൻഡൻസ് ഫാർമേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കർഷകർ കേളകം വില്ലേജ് ഓഫീസിൽ പ്രതിഷേധവുമായെത്തി. വില്ലേജ് ഓഫീസർ ജോമോൻ ജോസഫിന് ആറളം വന്യജീവി സങ്കേതത്തിനോട് ചേർന്ന ബഫർ സോൺ മാപ്പ് സമർപ്പിച്ച് ഇതിൽ തങ്ങളുടെ വീടുകൾ എവിടെയാണെന്ന് മാർക്ക് ചെയ്ത് തരണമെന്ന് കർഷകർ ആവശ്യപ്പെട്ടു. എന്നാൽ സർക്കാർ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച മാപ്പ് അവ്യക്തമാണെന്നും ഇതുപ്രകാരം വീടുകളും കൃഷിയിടങ്ങളും മറ്റ് അനുബന്ധ സ്ഥാപനങ്ങളും
കണ്ടുപിടിക്കാനാകില്ലെന്നും വില്ലേജ് ഓഫീസർ പറഞ്ഞു. ആരൊക്കെ ഉൾപ്പെട്ടുവെന്നും ഇല്ലെന്നും പറയാനുള്ള ആധികാരികമായ നിർദ്ദേശമൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. കർഷകരുടെ അഭ്യർത്ഥന മാനിച്ച് വില്ലേജ് ഓഫീസർ തഹസിൽദാറുമായി ബന്ധപ്പെട്ടെങ്കിലും മാപ്പിൽ അവ്യക്തതയുണ്ടെന്നും തങ്ങൾക്ക് ഇതുസംബന്ധിച്ച് അറിയിപ്പൊന്നും ലഭിച്ചില്ലെന്ന് തഹസിൽദാറും പ്രതിഷേധവുമായെത്തിയവരെ അറിയിച്ചു. ഇതോടെ ജനങ്ങൾ കേളകം പഞ്ചായത്ത് സെക്രട്ടറിയെ സമീപിച്ച് ആശങ്കയറിയിച്ചു. കിഫ ഭാരവാഹികളായ ജിജി, എം.ജെ. റോബിൻ, ടോമി ചാത്തൻപാറ, ഷാജി മുഞ്ഞനാട്ട് തുടങ്ങിയവർ നേതൃത്വം നൽകി.
ബഫർ സോൺ സംബന്ധിച്ച് അടിയന്തര ബോർഡ് യോഗം ചേരും. പ്രമേയം പാസാക്കി സംസ്ഥാന സർക്കാരിന് നൽകും.
കേളകം പഞ്ചായത്ത് സെക്രട്ടറി
കേളകം പഞ്ചായത്തിലെ ഏഴ് വാർഡുകളാണ് മാപ്പിൽ ഉൾപ്പെട്ടിരിക്കുന്നത്. ആയിരക്കണക്കിന് ആളുകളെ ഇത് ബാധിക്കും. അടിയന്തരമായി പരിഹാരം കാണണം.
കർഷക പ്രതിനിധികൾ