
കണ്ണൂർ:മെട്രോ നഗരമല്ലെന്ന പേരിൽ കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വിദേശ വിമാന കമ്പനികളുടെ സർവീസിനുള്ള അനുമതി (പോയിന്റ് ഓഫ് കോൾ പദവി) നൽകാതെ കേന്ദ്ര വ്യോമയാന മന്ത്രാലയം. വിദേശ കമ്പനികൾ താൽപര്യം പ്രകടിപ്പിച്ചിട്ടും കേന്ദ്രത്തിന്റെ കടുംപിടിത്തം വിമാനത്താവളത്തിന്റെ വികസനം മുരടിപ്പിക്കുന്നു.
150 കോടിയോളം രൂപ വാർഷിക നഷ്‌ടമുള്ള വിമാനത്താവളം  വിദേശ വിമാനങ്ങൾ വരുന്നതോടെ ലാഭത്തിലാവുമെന്നാണ് 'കിയാൽ' പറയുന്നത്.
അനുമതി നൽകിയാൽ വടക്കൻ മലബാലെ പ്രവാസികൾക്ക് അനുഗ്രഹമായി ഗൾഫിൽ നിന്നുൾപ്പെടെ വിദേശ വിമാനങ്ങൾ കണ്ണൂരിലിറങ്ങും. ഇവിടത്തെ യു. കെ, യു. എസ് യാത്രക്കാർക്ക് ഇപ്പോൾ ആശ്രയം നെടുമ്പാശേരിയാണ്.
2020ൽ കൊവിഡ് ഒഴിപ്പിക്കൽ ദൗത്യത്തിൽ വിദേശ കമ്പനികൾ കണ്ണൂരിലേക്ക് സർവീസ് നടത്തിയിരുന്നു. കുവൈറ്റ് എയർവേയ്‌സിന്റെ മൂന്ന് നിര സീറ്റും രണ്ട് ഇടനാഴിയുമുള്ള വലിയ വിമാനവും ( വൈഡ് ബോഡി എയർക്രാഫ്റ്റ് ) അന്ന് ആദ്യമായി കണ്ണൂരിൽ ഇറങ്ങി. ഫ്ലൈ ദുബായ്, ജസീറ എയർവേയ്സ്, സലാം എയർ, എയർ അറേബ്യ, എത്തിഹാദ്, സൗദിയ,ഒമാൻ എയർ തുടങ്ങിയ വിദേശ കമ്പനികളാണ് അന്ന് സർവീസ് നടത്തിയത്.
116 രാജ്യങ്ങളുമായി കരാർ
വിമാനത്താവളങ്ങൾക്ക് പോയിന്റ് ഒഫ് കോൾ പദവി നൽകി 116 രാജ്യങ്ങളുമായി ഇന്ത്യയ്‌ക്ക് കരാറുണ്ട് ( എയർ സർവീസ് എഗ്രിമെന്റ് ). അതിൽ കണ്ണൂർ വിമാനത്താവളം ഇല്ല. ഇതേ കരാറിലാണ് ഇന്ത്യൻ വിമാനങ്ങൾ വിദേശത്തെ പോയിന്റ് ഓഫ് കാൾ വിമാനത്താവളങ്ങളിലേക്ക് സർവീസ് നടത്തുന്നത്. കണ്ണൂരിൽ നിന്ന് ഇന്ത്യൻ കമ്പനികൾക്ക് 65 അന്താരാഷ്‌ട്ര സർവീസുണ്ട്. വിദേശ കമ്പനികൾക്ക് പോയിന്റ് ഓഫ് കോൾ നൽകിയതിലെ അസന്തുലനം കാരണമാണ് മെട്രോ ഇതര വിമാനത്താവളങ്ങളെ ഒഴിവാക്കുന്നതെന്നാണ് കേന്ദ്രം പറയുന്നത്.
കണ്ണൂരിന് പോയിന്റ് ഒഫ് കാൾ പദവി ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും എം.പി മാരും ഉൾപ്പെട്ട സർവകക്ഷി സംഘം വ്യോമയാന മന്ത്രിയെ കണ്ടിരുന്നു. ആസിയാൻ കൂട്ടായ്‌മയുടെ ഓപ്പൺ സ്കൈ പോളിസിയും കണ്ണൂരിന് ബാധകമാക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
വിമാനത്താവളങ്ങൾ സ്വകാര്യവൽക്കരിച്ചതോടെ യാത്രാനിരക്കിൽ തീവെട്ടിക്കൊള്ളയാണ് കമ്പനികൾ നടത്തുന്നത്. കണ്ണൂരിൽ സർവീസുകൾ കുറവായതാണ് ഉയർന്ന നിരക്കിന് പിന്നിൽ.
അന്താരാഷ്ട്ര സർവ്വീസ് -നവംബർ
കണ്ണൂർ- 438
കൊച്ചി - 1868
കോഴിക്കോട്ട് -1159
തിരുവനന്തപുരം - 949
ആഭ്യന്തരം- നവംബർ
കണ്ണൂർ- 557
കൊച്ചി- 2361
ടിക്കറ്റ് നിരക്ക്
ഷാർജ, ദോഹ 18,000 - 30,000 രൂപ
കോഴിക്കോട്, കൊച്ചി 15000 വരെ
വിദേശ വിമാനങ്ങൾ വന്നാൽ
യാത്രക്കാർ വർദ്ധിക്കും.
ആഭ്യന്തര, വിദേശ യാത്രാ ചെലവ് കുറയും.
കമ്പനികളുടെ മത്സരം എയർപോർട്ടിനും നേട്ടം
പോയിന്റ് ഓഫ് കോൾ നൽകാത്ത കേന്ദ്ര നയമാണ് വിമാനത്താവളത്തിന്റെ വളർച്ചയ്ക്ക് തടസം.
ഡോ. വി വേണു , എം.ഡി, കിയാൽ