പയ്യന്നൂർ : പുതിയ കാലത്തും കുടുംബഘടനയെ സംരക്ഷിക്കാൻ ത്യാഗം സഹിക്കേണ്ടത് സ്ത്രീയാണെന്ന അവസ്ഥ പെണ്ണെഴുത്തിനെ പിറകോട്ട് വലിക്കുന്നുണ്ടെന്ന് എഴുത്തുകാരി ഡോ: ജിസ ജോസ് അഭിപ്രായപ്പെട്ടു. ലിംഗ നീതി നിഷേധിക്കപ്പെടുന്ന സ്ത്രീകൾക്ക് ആത്മാവിഷ്കാരം സാധ്യമാവുന്നില്ല.ഇന്ന് സ്ത്രീകൾക്കെതിരായ യുദ്ധങ്ങൾ നേരിട്ടല്ല. ക്ലേശമുള്ള അതിജീവനമാണ് ഈ കാലം ആവശ്യപ്പെടുന്നതെന്നും അവർ പറഞ്ഞു.
പയ്യന്നൂർ സാഹിത്യോത്സവത്തിന്റെ ഭാഗമായി അന്നൂർ സഞ്ജയൻ സ്മാരക ഗ്രന്ഥാലയത്തിൽ സംഘടിപ്പിച്ച സാഹിത്യ സദസ്സിൽ പ്രഭാഷണം നടത്തുകയായിരുന്നു അവർ. ഗ്രന്ഥാലയം വനിതാ വേദി കൺവീനർ വി.എം.ഉമ അദ്ധ്യക്ഷത വഹിച്ചു. പയ്യന്നൂർ സാഹിത്യോത്സവം കോ ഓർഡിനേറ്റർ എം.പ്രസാദ് ആമുഖ പ്രഭാഷണം നടത്തി. നഗരസഭാ കൗൺസിലർമാരായ കെ.യു.രാധാകൃഷ്ണൻ ,കെ.കെ.ഫൽഗുനൻ , എ.രൂപേഷ് എന്നിവർ സംബന്ധിച്ചു. രജനി വെള്ളോറ സ്വാഗതവും എം.പി.രമ നന്ദിയും പറഞ്ഞു.