bekal-
സൈക്കിൾ സവാരിയുമായി രാജ്യം ചുറ്റാൻ ഇറങ്ങിയ ആശാ മൾവ്യയെ ബേക്കലിൽ സി എച്ച് കുഞ്ഞമ്പുവിന്റെ നേതൃത്വത്തിൽ സ്വീകരിച്ചപ്പോൾ

കാസർകോട്: സാഹസിക സഞ്ചാരം, സ്ത്രീ സുരക്ഷ, സ്ത്രീ ശാക്തീകരണം എന്നീ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യം മുഴുവൻ ഒറ്റയ്ക്ക് സൈക്കിൾ യാത്ര നടത്തുന്ന, പർവതാരോഹികയും ബുക്ക് ഓഫ് റെക്കോഡ്സ് ജേതാവുമായ മദ്ധ്യപ്രദേശുകാരി ആശാ മാൾവ്യ, കർണാടകയിലെ പര്യടനത്തിനു ശേഷം ബേക്കലിലെത്തി.

20,000 കിലോമീറ്റർ താണ്ടി ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും സാന്നിദ്ധ്യമറിയിച്ചുള്ളതാണ് ഈ 24കാരിയുടെ ഏകാന്ത സൈക്കിൾ സവാരി. ഇന്ത്യയിലെ യുവതികളും സ്ത്രീകളും വീട്ടിൽ ഒതുങ്ങി നിൽക്കാതെ ധാരാളം യാത്ര ചെയ്യാൻ താല്പര്യമെടുക്കണമെന്നും, യാത്ര, അറിവും ആനന്ദവും പ്രദാനം ചെയ്യുമെന്നും സ്ത്രീകളുടെ ഏകാന്ത യാത്രകൾക്ക് ഇന്ത്യ സുരക്ഷിതമണെന്നാണ് തന്റെ അനുഭവമെന്നും ആശാ മാൾവ്യ പറഞ്ഞു.

വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും ടൂറിസം മന്ത്രിമാരെയും സന്ദർശിച്ചാണ് മാൾവ്യയുടെ യാത്ര പുരോഗമിക്കുന്നത്. കാസർകോട് വഴി ബേക്കലിൽ എത്തിയ ആശാ മാൾവ്യക്ക് ജില്ലാ സൈക്ലിംഗ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ, ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ പി. ലക്ഷ്മി, ബേക്കൽ എസ്.ഐ. രജനീഷ് മാധവൻ, സൈക്ലിംഗ് അസോസിയേഷൻ വൈസ് പ്രസിഡന്റ്‌ മൂസ പാലക്കുന്ന് എന്നിവരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. യാത്രയെ കാസർകോട് പെഡ്ലേർസ് ക്ലബ്‌ അംഗങ്ങൾ പയ്യന്നൂർ വരെ അനുഗമിച്ചു. ഡി.ടി.പി.സിയും വിനോദ സഞ്ചാര വകുപ്പും യാത്രയ്ക്ക് ആവശ്യമായ സഹായങ്ങൾ നൽകിയിരുന്നു.