ചീമേനി: ഓലാട്ട് പണയക്കാട് ഭഗവതി ക്ഷേത്രത്തിലെ കളിയാട്ട ഉത്സവത്തിന്റെ ഭാഗമായി നടന്ന കരിമരുന്ന് പ്രയോഗത്തിനിടെ അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റ സംഭവത്തിൽ ക്ഷേത്ര ഭാരവാഹികൾക്കെതിരെ പൊലീസ് കേസെടുത്തു. കൊടക്കാട് സ്വദേശികളായ അഭിജിത്ത് (22), അമൽ (23) എന്നിവർക്കാണ് പരിക്കേറ്റത്. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് അപകടം. ഇവരെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് ക്ഷേത്ര ഭരണസമിതി ഭാരവാഹികളായ വിനോദ്, രാഘവൻ എന്നിവർക്കെതിരെ ചീമേനി പൊലീസ് കേസെടുത്തു.

അശ്രദ്ധയോടെ കരിമരുന്ന് പ്രയോഗം നടത്തിയെന്നും വേണ്ടത്ര സുരക്ഷാ നടപടികൾ നടത്തിയില്ലെന്നുമാണ് പൊലീസ് പറയുന്നത്. ക്ഷേത്രഭൂമിയിലൂടെ റോഡ് പണിതതിന്റെ പേരിൽ നാട്ടുകാരും ക്ഷേത്ര ഭാരവാഹികളും തമ്മിൽ നേരത്തെ തർക്കം ഉണ്ടായിരുന്നു. പരിക്കേറ്റ സംഭവത്തിൽ അന്വേഷണം നടത്തിവരികയാണെന്ന് ചീമേനി എസ്.ഐ ബാബു പറഞ്ഞു.