
ഓവർബ്രിഡ്ജ് പൂർത്തിയാകാത്തത് കോംപോസിറ്റ് ഗർഡർ സ്ഥാപിക്കാത്തതിനാൽ
നീലേശ്വരം: ഇരുപത്തിനാല് മണിക്കൂറിനിടയിൽ ട്രെയിനുകൾ കടന്നുപോകുന്നതിനായി 70 ഓളം തവണ പൂട്ടിയിടേണ്ടിവരുന്ന നീലേശ്വരം പള്ളിക്കരയിലെ റെയിൽവേ ഗേറ്റിലെ ദുരിതം ഈ വർഷവും അവസാനിക്കില്ലെന്നുറപ്പായി. 2018ൽ ആരംഭിച്ച നാലുവരി ഓവർബ്രിഡ്ജിന്റെ കോംപോസിറ്റ് ഗർഡർ സ്ഥാപിക്കുന്നതിന് റെയിൽവെ ഇനിയും തയ്യാറാകാത്ത സാഹചര്യത്തിലാണ് ദേശീയപാതയിലെ ദുരിതയാത്ര ഇനിയും നീളുമെന്നുറപ്പായത്.
പാളത്തിന് നടുവിലുള്ള കോമ്പോസിറ്റ് ഗർഡർ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ നവംബർ ഒൻപത്, ഇരുപത് തീയതികളിൽ റെയിൽവെ ഡിവിഷണൽ എൻജിനീയർ, അസിസ്റ്റന്റ് എൻജിനീയർ, ദേശീയപാത സൈറ്റ് എൻജിനീയർ എന്നിവർ പള്ളിക്കര സന്ദർശിച്ചിരുന്നു. അടുത്ത മാസം തന്നെ ഗർഡർ സ്ഥാപിക്കാനുള്ള ജോലി തുടങ്ങാമെന്ന് ഉറപ്പ് നൽകിയെങ്കിലും റെയിൽവേയുടെ പവർ കം ബ്ലോക്ക് ഇൻിയും ലഭിച്ചില്ല. ഗർഡർ സ്ഥാപിക്കണമെങ്കിൽ ഒൻപത് ദിവസങ്ങളിലായി നാലു മണിക്കൂർ ട്രെയിനുകൾ നിർത്തിയിടേണ്ടതായി വരും. വൈദ്യുതി ലൈനും ഓഫാക്കണം. റെയിൽവേ ഗേറ്റ് അടയ്ക്കുമ്പോൾ ഉണ്ടാകുന്ന ദേശീയപാതയിലെ ഗതാഗതക്കുരുക്കിനും പരിഹാരമുണ്ടാകേണ്ടതുണ്ട്.
ഇരുഭാഗങ്ങളിലുമായി 18 ഗർഡറുകളാണ് റെയിൽവേയുടെ അനുമതിയോടെ പൂർത്തിയാകേണ്ടത്. ബാക്കി പ്രവൃത്തികളെല്ലാം ഫെബ്രുവരിയിൽ പൂർത്തിയായിരുന്നു. ഇതുസംബന്ധിച്ച ‘ കേരളകൗമുദി’വാർത്തയെ തുടർന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. റെയിൽവേയുമായി ബന്ധപ്പെട്ടതാണ്.
എറണാകുളത്തെ ഇ.കെ.കെ. ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് കമ്പനി അതിവേഗത്തിലാണ് പൂർത്തിയാക്കിയത്.
ആകെ എട്ട് തൂണുകളിൽ ദേശീയപാത അതോറിറ്റിക്ക് കീഴിലുള്ള നാലു തൂണുകൾ നേരത്തെ തന്നെ പൂർത്തിയാക്കിയിരുന്നു.
ചിലവ് 64.44 കോടി
നീളം 780
വീതി 45 മീറ്റർ
തുടക്കം സത്യാഗ്രഹത്തോടെ
മുൻ എംപി പി.കരുണാകരന്റെ നേതൃത്വത്തിൽ സ്ഥലത്ത് ദിവസങ്ങൾ നീണ്ട സത്യഗ്രഹ സമരം ഉൾപ്പെടെ നടത്തിയതിനെ തുടർന്നാണു 2018 ൽ ഓവർബ്രിഡ്ജിന്റെ പണി തുടങ്ങിയത്. ദേശീയപാതയിൽ അവശേഷിക്കുന്ന ഏക റെയിൽവേ ഗേറ്റാണ് നീലേശ്വരത്തേത്