
കാസർകോട് :അന്താരാഷ്ട്ര ഐ.ടി കമ്പനികളിൽ ജോലി വാഗ്ദാനം ചെയ്ത് സംസ്ഥാനത്തെ പല ഭാഗങ്ങളിൽ നിന്നും പണം തട്ടുന്ന തിരുവനന്തപുരം സ്വദേശികളായ ദമ്പതികളെ ചീമേനി പൊലീസ് ആലപ്പുഴയിൽ വച്ച് അറസ്റ്റുചെയ്തു. ചീമേനി തിമിരി സ്വദേശിയായ സ്ത്രീയിൽ നിന്ന് പണം തട്ടിയ കേസിന്റെ അന്വേഷണത്തിലാണ് തിരുവനന്തപുരം സ്വദേശി എസ്.ശരണ്യ, രണ്ടാം ഭർത്താവ് പാലക്കാട് നെന്മാറ സ്വദേശി മനു എന്നിവരെ ആലപ്പുഴ കലവൂരിൽ ചീമേനി എസ്.എച്ച് ഒ കെ. അജിതയും സംഘവും അറസ്റ്റ് ചെയ്തത്.
അഭിഷേക് എന്ന പേരിൽ പ്രൊഫൈൽ ഉണ്ടാക്കിയാണ് പിടിയിലായ മനു മകന് ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് തിമിരി സ്വദേശിനിയിൽ നിന്നും നാലു ലക്ഷത്തോളം വാങ്ങിയത്. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി പി.ബാലകൃഷ്ണൻ നായരുടെ മേൽനോട്ടത്തിൽ സൈബർ സെല്ലിന്റെ സഹായത്തോടെ ചീമേനി പോലീസ് നടത്തിയ അന്വേഷണത്തിലാണ് മറ്റു ജില്ലകളിലും ലക്ഷക്കണക്കിന് രൂപയുടെ സമാനമായ തട്ടിപ്പുകൾ പ്രതികൾ നടത്തിയതായി കണ്ടെത്തിയത്. ഇവർക്കെതിരെ നിരവധി പേർ പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടുണ്ടെന്നാണ് വിവരം.
അന്വേഷണ സംഘത്തിൽ എ.എസ്. ഐ മനോജ്കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ രാജേഷ് കുഞ്ഞി വീട്ടിൽ, പി.ശ്രീകാന്ത് ,സിവിൽ പൊലീസ് ഓഫീസർമാരായ ഹരികൃഷ്ണൻ, അഭിലാഷ് എന്നിവരും ഉണ്ടായിരുന്നു. ഹോസ്ദുഗ്ഗ് ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി ഇരുവരേയും രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.