സബ്സിഡിയിനത്തിൽ ലഭിക്കേണ്ടത് അഞ്ചു മുതൽ പത്തുലക്ഷം രൂപ വരെ
കാഞ്ഞങ്ങാട്: അവശ്യസാധനങ്ങളുടെ വിലവർധനവിനു പുറമെ സർക്കാർ സബ്സിഡിയും മുടങ്ങാൻ തുടങ്ങിയതോടെ കുടുംബശ്രീ ജനകീയ ഹോട്ടലുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ. 20 രൂപയ്ക്ക് ഊണ് കഴിക്കാൻ അവസരമൊരുക്കുന്ന ജനകീയ ഹോട്ടലുകളിൽ സബ്സിഡി മുടങ്ങിയതോടെ സാധനങ്ങൾ വാങ്ങാനും ജോലിക്കാർക്ക് ശമ്പളം നൽകാനും കടം വാങ്ങേണ്ട ഗതികേടിലാണെന്ന് നടത്തിപ്പുകാർ പറയുന്നു.
പല ഹോട്ടലുകൾക്കും സബ്സിഡിയിനത്തിൽ അഞ്ചുലക്ഷം മുതൽ പത്തുലക്ഷം രൂപ വരെ ലഭിക്കാനുണ്ട്. ഇതിനെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന പാവപ്പെട്ട വനിതകളെ സംബന്ധിച്ചിടത്തോളം താങ്ങാവുന്നതിലും അധികമാണ്. സബ്സിഡിക്ക് പുറമെ കെട്ടിടവാടകയും പല തദ്ദേശസ്ഥാപനങ്ങളും നൽകാത്തതും ഇവരുടെ ദുരിതം വർദ്ധിപ്പിക്കുന്നു.
ജില്ലയിൽ നാൽപതിലധികം ജനകീയ ഹോട്ടലുകൾ പ്രവർത്തിക്കുന്നുണ്ട്. 170ലധികം വനിതകളുടെ ഉപജീവനം കൂടിയാണിത്. സപ്ലൈകോയിൽ നിന്ന് ആറു ക്വിന്റൽ അരി 10.90 രൂപയ്ക്ക് ജനകീയ ഹോട്ടലുകൾക്ക് നൽകുന്നുണ്ട്. പ്രതിദിനം 500നു മുകളിൽ ഊണ് ചെലവുള്ള നഗരങ്ങളിലെ ജനകീയ ഹോട്ടലുകൾക്ക് ഈ അരി 12 ദിവസത്തേയ്ക്ക് മാത്രമേ തികയൂ. ബാക്കി അരി പുറമെ നിന്ന് വാങ്ങണം. പ്രതിദിനം ശരാശരി 800 പൊതിച്ചോറുകൾ ജില്ലയിലെ ജനകീയ ഹോട്ടലുകളിലൂടെ വിറ്റഴിക്കുന്നുണ്ട്. ആഴ്ചയിൽ ആറുദിവസവും 20 രൂപയ്ക്ക് ഊണ് ലഭിക്കും. പത്തു രൂപയാണ് സർക്കാർ സബ്സിഡി. ബാധ്യത ഇനിയും കൂടാതിരിക്കാൻ വിതരണം ചെയ്യുന്ന ഊണിന്റെ എണ്ണം കുറയ്ക്കുകയാണ് പല ഹോട്ടലുകളും.
ജനകീയ ഹോട്ടൽ
പൂട്ടിയിട്ട് 4മാസം
പുതിയകോട്ടയിൽ മിനി സിവിൽ സ്‌റ്റേഷൻ വളപ്പിൽ പ്രവർത്തിച്ചിരുന്ന ജനകീയ ഹോട്ടൽ അടഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് നാല് മാസത്തോളമായി. കാന്റീൻ പ്രവർത്തിക്കുന്ന കെട്ടിടത്തിന് മുനിസിപ്പാലിറ്റി ലൈസൻസ് നിർബന്ധമാക്കിയതോടെയാണ് ഹോട്ടൽ പൂട്ടിയതെന്നും ഇതിനിടയിൽ റവന്യു വകുപ്പ് കെട്ടിടം ലേല നടപടികൾക്കായി മാറ്റിവെച്ചിരിക്കുകയാണെന്നും ഹോട്ടൽ നടത്തിപ്പുകാർ പറയുന്നു. പുതിയകോട്ടയിലേയും മിനി സിവിൽ സ്‌റ്റേഷനിലെയും ഒട്ടുമിക്ക ജീവനക്കാരും ഉച്ചഭക്ഷണവും മറ്റും കഴിച്ചിരുന്നത് ഈ ഹോട്ടലിൽ നിന്നുമാണ്. കൊവ്വൽസ്‌റ്റോറിലെ കുടുംബശ്രീ പ്രവർത്തകരാണ് ഹോട്ടൽ നടത്തിയിരുന്നത്.