പിണറായി: കുട്ടികളുടെ അഭിപ്രായങ്ങൾ അവഗണിക്കുകയല്ല, ഉൾക്കൊള്ളുകയാണ് വേണ്ടതെന്ന ബോധം മുതിർന്നവർക്ക് ഉണ്ടാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള ബാലാവകാശ സംരക്ഷണ കമ്മിഷൻ ധർമ്മടം നിയോജക മണ്ഡല സെമിനാർ പിണറായി കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
കുടുംബ കാര്യങ്ങളിൽ തീരുമാനമെടുക്കുമ്പോൾ കുട്ടികൾക്ക് അഭിപ്രായം പറയാനാവാതെ അകന്നുനിൽക്കേണ്ടി വരാറുണ്ട്. കുട്ടികളുടെ അഭിപ്രായം പ്രധാനമല്ലെന്ന അവഗണനയിൽ മാറ്റം വരേണ്ടതുണ്ട്. കൂടുതൽ വളരേണ്ടതുണ്ടെങ്കിലും ഒരു വ്യക്തി എന്ന നിലയ്ക്ക് പൂർണതയുള്ളവരാണ് കുട്ടികൾ. അവരുടെ വ്യക്തിത്വത്തെ പൂർണമായി മാനിക്കാൻ നമ്മുടെ സമൂഹത്തിന് കഴിയണം-മുഖ്യമന്ത്രി പറഞ്ഞു.
പിണറായി കൺവെൻഷൻ സെന്ററിൽ നടന്ന പരിപാടിയിൽ കേരള ബാലാവകാശ സംരക്ഷണ കമ്മിഷൻ ചെയർമാൻ കെ.വി മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. യുനിസെഫ് സോഷ്യൽ പോളിസി ചീഫ് കെ.എൽ റാവു മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലൻ, ബാലാവകാശ കമ്മിഷൻ അംഗങ്ങളായ ശ്യാമളാദേവി, സി വി വിജയകുമാർ, റെനി ആന്റണി, വളപട്ടണം ഗ്രാമപഞ്ചായത്ത് ലൈബ്രറി ചൈൽഡ് മെന്റർ അജ്‌ന പർവീൺ, ഡോ. മോഹൻ റോയ്, കണ്ണൂർ ക്രൈം ബ്രാഞ്ച് എസ്.പി പി. സദാനന്ദൻ എന്നിവർ വിഷയാവതണം നടത്തി.