
കണ്ണൂർ: സ്ത്രീകളുടെ സുരക്ഷയും ശാക്തീകരണവും ലക്ഷ്യമാക്കി സൈക്കിളിൽ തനിയെ ഇന്ത്യ മുഴുവൻ സഞ്ചരിക്കുകയാണ് മദ്ധ്യപ്രദേശുകാരി ആശ മാൽവിയ. ദേശീയകായിക താരവും പർവതാരോഹകയുമായ ആശ സൈക്കിളിൽ 20,000 കിലോമീറ്റർ ആണ് ലക്ഷ്യമിടുന്നത്.
കണ്ണൂരിലെത്തിയ ആശ മാൽവിയ മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ടു. 'കേരളത്തിൽ സ്ത്രീകൾ എത്രയോ സുരക്ഷിതരാണ്. മികച്ച സ്വീകരണമാണിവിടെ ലഭിച്ചത്' ആശ ആവേശത്തോടെ പറയുന്നു.
നവംബർ ഒന്നിന് ഭോപ്പാലിൽ നിന്നും പുറപ്പെട്ട് ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കർണാടക സംസ്ഥാനങ്ങൾ സഞ്ചരിച്ചാണ് കേരളത്തിലെത്തിയത്. തമിഴ്‌നാട്, കർണാടക, ഒഡിഷ വഴി വടക്കുകിഴക്കൻ സംസ്ഥാനങ്ങളും കടന്ന് ജമ്മു കശ്മീർ ഉൾപ്പെടെ ഇന്ത്യ മുഴുവൻ യാത്ര ചെയ്യാനാണ് തീരുമാനം. കണ്ണൂരിൽനിന്ന് ഇവർ കോഴിക്കോട്ടേക്ക് തിരിച്ചു.
300 സൈക്കിൾ റൈഡുകൾ
കേരളത്തിലെ നാടും ഭൂപ്രകൃതിയും ഏറെ ഇഷ്ടമായെന്ന് ആശ പറയുന്നു. മൂന്ന് മുഖ്യമന്ത്രിമാരെ നേരിൽ കണ്ടു. ഒപ്പം ജില്ലാ കളക്ടർമാരെയും, ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരെയും നേരിൽ കണ്ട് സംസാരിക്കും. അടുത്ത വർഷം ഡൽഹിയിലെത്തി രാഷ്ട്രപതിയെ കാണണം. 300 ഓളം സൈക്കിൾ റൈഡുകൾ പൂർത്തിയാക്കി. ദിവസം 250 കിലോമീറ്ററോളം സൈക്കിളിൽ സഞ്ചരിക്കും. വീട്ടിൽ അമ്മയും അനിയത്തിയുമാണുള്ളത്. 12 വയസ്സ് മുതൽ കായിക രംഗത്തുണ്ട്.
ഇന്ത്യ സുരക്ഷിതമാണെന്ന് ലോകത്തെ അറിയിക്കുകയാണ് ഈ യാത്രയുടെ ലക്ഷ്യം. ഇന്ത്യയിലെ സ്ത്രീകൾക്ക് സുരക്ഷിതരായി ജീവിക്കാനും സ്വയംപര്യാപ്തരാകാനും സാധിക്കണം.
ആശ മാൽവിയ
ചിത്രം: 1. സൈക്കിളിൽ തനിയെ ഇന്ത്യ മുഴുവൻ സഞ്ചരിക്കുന്ന മധ്യപ്രദേശുകാരി ആശ മാൽവിയ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചപ്പോൾ
2. സൈക്കിളിൽ തനിയെ ഇന്ത്യ മുഴുവൻ സഞ്ചരിക്കുന്ന മധ്യപ്രദേശുകാരി ആശ മാൽവിയ കണ്ണൂർ കലകട്‌റേറ്റിലെത്തിയപ്പോൾ