
മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് അടുത്തായി പ്രകൃതിഭംഗി നിറഞ്ഞുതുളുമ്പുന്ന പഴശ്ശി അണക്കെട്ടിനോട് ചേർന്നുകിടക്കുന്ന ഉദ്യാനം വൻവികസനം സ്വപ്നം കാണുന്നു.
പ്രകൃതിസൗഹൃദ ടൂറിസം മേഖലയായി വികസിപ്പിക്കുന്നതിനായി വിപുലമായ പദ്ധതികളാണ് ഉദ്യാനത്തെ കാത്തുകിടക്കുന്നത്.
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ നേരിട്ട് ഇടപെട്ടാണ് ഉദ്യാനത്തെ മികവുറ്റതാക്കിയത്. കൊവിഡ് പ്രതിസന്ധിയിൽ നിന്ന് മുക്തമായതിന് ശേഷം കലാ സാംസ്‌കാരിക പരിപാടികൾ ആസ്വദിക്കുന്നതിനും വിനോദത്തിനുമായി ഒട്ടേറെപ്പേർ പഴശ്ശി ഡാം ഗാർഡൻ സന്ദർശിക്കാൻ എത്തിച്ചേരുന്നുണ്ട്. ഈ വർഷം മലബാറിലെ വിവിധ മേഖലകളിൽ നിന്നുള്ള വിദ്യാലയങ്ങളിൽ നിന്നടക്കം നൂറുകണക്കിന് വിദ്യാർത്ഥികളാണ് ഉദ്യാനത്തിലെത്തിയത്. വിനോദസഞ്ചാര കേന്ദ്രം എന്നതിലുപരി കലാസാംസ്‌കാരിക ആസ്വാദന കേന്ദ്രമെന്ന രൂപത്തിലും പഴശ്ശി ഡാം ഗാർഡനിലെ ആംഫി തിയേറ്റർ ഇപ്പോൾ ശ്രദ്ധേയകുന്നുണ്ട്.
അഡ്വഞ്ചർ റോപ്പ്, റോപ്പിലൂടെ നടക്കലും സൈക്ലിംഗും കമാന്റോനെറ്റ്, ആകാശതൊട്ടിൽ, വാട്ടർ റോളർ, ആകാശത്തോണി, കുട്ടികൾക്കായി ട്രെയ്ൻ, പെഡൽ കിഡ്സ് ബോട്ടിംഗ് മേരി ഗോ റൗണ്ട്, ജമ്പിംഗ് ,ഷൂട്ടിംഗ്,അമ്പെയ്ത്ത് ഇരുപത് തരം റൈഡുകൾ എന്നിവ ഇവിടെയുണ്ട്. ബോട്ടിംഗ് , പെറ്റ് സ്റ്റേഷൻ, ബമ്പർ കാർ, വാട്ടർ സോർബിംഗ് എന്നിവ പുതുതായി ആരംഭിക്കാനും ഡി.ടി.പി.സി പദ്ധതി ഒരുക്കിയിട്ടുണ്ട്.
ഊഞ്ഞാലുകൾ, പലതരം ഗെയിമുകൾ ഉൾപ്പെടെ പഴശ്ശി ഗാർഡനിൽ ഒരുക്കിയിട്ടുണ്ട്. മനോഹരമായ പൂന്തോട്ടം ഒരുക്കാനും തുടങ്ങിയിട്ടുണ്ട്.
വരുന്നു കാർഷികമ്യൂസിയം
ദേശീയ കാർഷിക അവാർഡ് ജേതാവായ ഷിംജിത്ത് തില്ലങ്കേരിയുടെ നേതൃത്വത്തിൽ കാർഷിക മ്യൂസിയം നിർമ്മാണവും പുരോഗമിക്കുകയാണ്. ഓപ്പൺ ഓഡിറ്റോറിയത്തിന്റെ പ്രവൃത്തിയും തുടങ്ങി. ക്യാമ്പ് ഫയർ ഉൾപ്പടെ ഇവിടെ നടത്താൻ സൗകര്യമുണ്ടാകും.
വിളംബരമാകും ശിശിരോത്സവം
പഴശ്ശി ഗാർഡനിൽ ഡിസംബർ 23 മുതൽ ആരംഭിച്ച് 2023 ജനുവരി 15 വരെ ശിശിരോത്സവം എന്ന പേരിൽ വിനോദ സഞ്ചാര മേഖലക്കാകെ പുതിയ ഉണർവേകാനുള്ള പരിപാടിയും ഡി.ടി.പി.സി ആവിഷ്കരിച്ചിട്ടുണ്ട്.