nirbhaya

1185 ഗുണഭോക്താക്കൾ, നഷ്ടപരിഹാരം എട്ട് കോടിയിലേറെ

കണ്ണൂർ:ലൈംഗികാതിക്രമങ്ങൾക്കും ആക്രമണങ്ങൾക്കും ഇരകളാകുന്ന സ്ത്രീകളും പെൺകുട്ടികളുമടങ്ങുന്ന അതിജീവിതകൾക്ക് താങ്ങും തണലുമായി നിർഭയ ആശ്വാസ നിധി. സമൂഹവും കുടുംബവും പോലും അവഗണിക്കുന്ന ഇരകൾക്കാണ് ഒന്നാം പിണറായി സർക്കാർ 2018ൽ ആവിഷ്കരിച്ച പദ്ധതി താങ്ങാവുന്നത്.

നാലു വർഷത്തിനിടെ 1185 ഗുണഭോക്താക്കൾക്ക് 8,77,25,000 രൂപ നൽകിയതായി വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലയ്ക്ക് ലഭിച്ച രേഖ സാക്ഷ്യപ്പെടുത്തുന്നു. പോക്സോ കേസിലെ ഇരകളാണ് സഹായം ലഭിച്ചവരിൽ പകുതിയും. കേന്ദ്ര സർക്കാരിന്റെയോ മറ്റ് ഏജൻസികളുടെയോ സഹായമില്ലാതെ സംസ്ഥാന സർക്കാരിന്റെ ഫണ്ടിൽ നിന്നാണ് തുക നൽകുന്നത്. മറ്റു സംസ്ഥാനങ്ങളിലൊന്നും ഇല്ലാത്ത കേരളത്തിന്റെ സ്വന്തം മാതൃകാ പദ്ധതിയാണിത്.

'തീവ്രത കുറഞ്ഞ ലൈംഗിക അതിക്രമ'ത്തെ അതിജീവിക്കുന്ന കുട്ടികൾക്കുള്ള സഹായം അഞ്ചിലൊന്നായി കുറച്ചെങ്കിലും ആക്രമണങ്ങളിൽ 50 ശതമാനത്തിലധികം പൊള്ളലേൽക്കുന്നവർക്കുള്ള ധനസഹായം ഇരട്ടിയാക്കി. ആസിഡ് ആക്രമണത്തെ അതിജീവിച്ചവർക്കാണ് നേരത്തേ പരമാവധി രണ്ട് ലക്ഷം രൂപ നൽകിയിരുന്നതെങ്കിൽ ആക്രമണം മൂലമുള്ള പൊള്ളൽ 50 ശതമാനത്തിലധികമുണ്ടെങ്കിൽ പരമാവധി രണ്ട് ലക്ഷം രൂപ നൽകും.

പരമാവധി 2 ലക്ഷം

ലൈംഗികാതിക്രമം, ലൈംഗിക പീഡനം എന്നിവ അതിജീവിച്ചാൽ 50,​000 മുതൽ ഒരു ലക്ഷം രൂപവരെ ലഭിക്കും. പീഡനത്തിൽ ഗർഭിണിയായാൽ ഒരു ലക്ഷം രൂപ വരെ അധികം ലഭിക്കും. ആക്രമണത്തിൽ ശരീരഭാഗമോ ജീവനോ നഷ്ടപ്പെട്ടാൽ 50,000 രൂപ മുതൽ ഒരു ലക്ഷം വരെ. മനുഷ്യക്കടത്തിൽ നിന്നു രക്ഷപ്പെടുന്നവർക്ക് 50,000 രൂപവരെ. ഗാർഹിക പീഡനം മൂലമുള്ള മാനസിക–ശാരീരിക ആഘാതത്തിനും ഇതേ തുകയാണ്.

അപേക്ഷിക്കേണ്ടത്

പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് ആറു മാസത്തിനകം ജില്ലാ ശിശു / വനിതാ സംരക്ഷണ ഓഫിസർക്ക് അപേക്ഷ നൽകണം. ഇവർ അന്വേഷിച്ച് സംസ്ഥാന നിർഭയ സെല്ലിലേക്ക് അപേക്ഷ കൈമാറും. ഇവിടെ അപേക്ഷ എത്തിയാൽ ഒരാഴ്ചയ്ക്കകം 'അതിജീവിത'യുടെ അക്കൗണ്ടിൽ തുകയെത്തും.

വർഷം, ഗുണഭോക്താക്കൾ, തുക

2018-19 - 51 - 48,​05,000

19-20 - 84- 59,30,000

20-21 - 284- 1,​58,​45,000

21-22- 472 - 37,​855,000

22-23 നവംബർ വരെ 2,​32,​90,000