തലശ്ശേരി: ശ്രീ ജഗന്നാഥ ക്ഷേത്രത്തിൽ നവീകരിച്ച ശ്രീ നാരായണ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം 23 ന് വൈകിട്ട് 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. സ്പീക്കർ അഡ്വ: എ.എൻ. ഷംസീർ അദ്ധ്യക്ഷത വഹിക്കും. ഗോകുലം ഗോപാലൻ വിശിഷ്ടാതിഥിയായിരിക്കും.
ശിവഗിരിയിലെ ധർമ്മചൈതന്യ സ്വാമികൾ, ചലച്ചിത്ര താരം ജയസൂര്യ എന്നിവർ മുഖ്യാതിഥികളായിരിക്കും. ഗുരുഭക്തനും, ജീവ കാരുണ്യ പ്രവർത്തകനുമായ ഗോകുലം ഗോപാലനാണ് അത്യാധുനിക സൗകര്യങ്ങളോടെ ഓഡിറ്റോറിയം നവീകരിച്ച് ക്ഷേത്രത്തിന് സമർപ്പിച്ചത്.
ഇരുനില കെട്ടിടത്തിന്റെ മുകൾ നിലയിൽ സ്റ്റേജും ഓഡിറ്റോറിയവും ഒരുക്കിയിട്ടുണ്ട്. ഒരേ സമയം രണ്ട് വിവാഹ പാർട്ടികൾക്ക് സദ്യ നൽകാനുള്ള സംവിധാനവും, വിപുലമായ പാർക്കിംഗ് സൗകര്യങ്ങളുമൊരുക്കിയിട്ടുണ്ടെന്ന് പ്രസിഡന്റ് അഡ്വ: കെ. സത്യൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
നഗരസഭാ ചെയർപേഴ്സൺ ജമുനാ റാണി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം.വി. ജയരാജൻ, സി.എൻ. ചന്ദ്രൻ, പി.കെ. കൃഷ്ണദാസ്, സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ, സജീവ് മാറോളി, ബിഷപ്പ് ഡോ: ജോസഫ് പ്ലാംബാനി, സി.കെ. രമേശൻ, അഡ്വ. കെ. അജിത്കുമാർ, പൊയിലൂർ രവീന്ദ്രൻ, പ്രീത പ്രദീപ്, എം.പി. വിനയ രാജ് സംസാരിക്കും.
ഫ്ളവേഴ്സ് ചാനലിന്റെ മത്സര വിജയികളെ ഉൾപ്പെടുത്തി പ്രശസ്ത ഗായിക ദുർഗ്ഗാവിശ്വനാഥും സംഘവും അവതരിപ്പിക്കുന്ന ഗാനമേളയുമുണ്ടാകും. വാർത്താ സമ്മേളനത്തിൽ സി. ഗോപാലൻ, കാരായി ചന്ദ്രശേഖരൻ, കെ.കെ. പ്രേമൻ, കുമാരൻ വളയം, എം.കെ. വിജയൻ മാസ്റ്റർ, രാഘവൻ പൊന്നമ്പത്ത്, ടി.പി. ഷിജു, നാസർ പുന്നോൽ സംബന്ധിച്ചു.