
മൂന്നാം ബ്ളോക്കിൽ ഒന്നര വർഷത്തിനിടെ ചരിയുന്ന മൂന്നാമത്തെ കാട്ടാന
ഇരിട്ടി: ആറളം ഫാമിൽ കൃഷിയിടത്തിൽ വീണ്ടും കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. ഫാം മൂന്നാം ബ്ലോക്കിലെ തെങ്ങിൻ തോപ്പിലാണ് ഏഴുവയസ്സ് പ്രായം തോന്നിക്കുന്ന പിടിയാനയുടെ ജഡം കണ്ടെത്തിയത്. ദുർഗ്ഗന്ധം വമിക്കുന്ന ജഡത്തിന് അഞ്ച് ദിവസമെങ്കിലും പഴക്കമുണ്ടെന്നാണ് കരുതുന്നത്.
ഇന്നലെ രാവിലെ തെങ്ങിൻ തോപ്പിനിടയിൽ സ്ഥാപിച്ച തേനീച്ച കൃഷിയുടെ പരിചരണത്തിനെത്തിയ തൊഴിലാളിയാണ് ദുർഗന്ധം ഉയർന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ആറുമാസം മുൻപ് ഇതേ സ്ഥലത്തിന് സമീപത്തെ കുളത്തിൻ കരയിൽ കാട്ടാനക്കുട്ടിയുടെ ജഡം കണ്ടെത്തിയിരുന്നു. ഒന്നര വർഷത്തിനിടയിൽ ഇതേ ബ്ലോക്കിൽ മൂന്നാമത്തെ ആനയാണ് ചെരിയുന്നത്.
ആറളം അസിസ്റ്റന്റ് വാർഡൻ പി. പ്രസാദ്, കൊട്ടിയൂർ റേഞ്ചർ സുധീർ നേരോത്ത്, ഡെപ്യൂട്ടി റേഞ്ചർ കെ. ജിജിൽ, എന്നിവരുടെ നേതൃത്വത്തിൽ വനം വകുപ്പ് സംഘം സ്ഥലത്തെത്തി. വെറ്റിനറി സർജന്റെ നേതൃത്വത്തിൽ പോസ്റ്റ്‌മോർട്ടം നടത്തി. പോസ്സ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ ചരിയാൻ ഉണ്ടായ കാരണത്തെക്കുറിച്ച് വ്യക്തത ലഭിക്കുകയുള്ളൂ. കാട്ടാന ചരിഞ്ഞ സ്ഥലത്തിന് സമീപം കാട്ടാനകൾ എത്തിയതിന്റെ സൂചനകളും പ്രദേശത്ത് ഉണ്ട്.
ആറളം ഫാമിൽ കാട്ടാനശല്യം രൂക്ഷമായി തുടരുകയാണ്. ഫാമിന്റെ കൃഷിയിടത്തിൽമാത്രം മുപ്പതിലധികം ആനകൾ ഉണ്ടെന്നാണ് പറയപ്പെടുന്നത്. ഇതിനെ പല ഘട്ടങ്ങളിലായി കാട്ടിലേക്ക് തുരത്തിയെങ്കിലും വീണ്ടും കൃഷിയിടത്തിൽ താവളമാക്കി ഇരിക്കുകയാണ്. കഴിഞ്ഞദിവസങ്ങളിൽ ഫാമിൽ കടുവയുടെ സാന്നിധ്യം കണ്ടെത്തിയതിനാൽ ജോലിക്കാരും ആളുകളും ഭീതിയിലായിരുന്നു. കൃഷിയിടത്തിൽ ജോലിക്കെത്തുന്നവർ വിരളമായിരുന്നു.