മട്ടന്നൂർ: ശിവപുരം അയ്യല്ലൂരിൽ പുലിയെ കണ്ടതായി വിവരത്തെ തുടർന്നു പൊലീസും വനം വകുപ്പും പരിശോധന നടത്തി. ഇന്നലെ പുലർച്ചെ നാലിനാണ് റബർ തോട്ടത്തിൽ പുലിയെ കണ്ടത്. പരിശോധനയിൽ കുറുനരിയെ കടിച്ചു കൊന്നിട്ട നിലയിലും കണ്ടെത്തി. നഗരസഭയിലെ ശിവപുരം അയ്യല്ലൂരിലാണ് റബർ ടാപ്പിംഗിനെത്തിയ പ്രദേശവാസിയായ അശോകൻ പുലിയെന്ന് സംശയിക്കുന്ന ജീവിയെ കണ്ടത്.
പുലിയെ കണ്ടതിനെ തുടർന്നു അവിടെ നിന്നു രക്ഷപ്പെട്ട ടാപ്പിംഗ് തൊഴിലാളി പൊലീസിലും വനം വകുപ്പിലും വിവരം നൽകുകയായിരുന്നു. തുടർന്നു പ്രദേശത്ത് നടത്തിയ പരിശോധനയിലാണ് കാട്ടിനുള്ളിൽ കുറുനരിയെ കടിച്ചു കൊന്നിട്ട നിലയിൽ കണ്ടെത്തിയത്. സ്ഥലത്ത് വനം വകുപ്പ് കാമറ സ്ഥാപിച്ചു. മട്ടന്നൂർ എസ്.ഐ കെ.വി. ഉമേശൻ, കൊട്ടിയൂർ ഫോറസ്റ്റ് റേഞ്ചർ സുധീർ നാരോത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്. ജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകിയതായി കൊട്ടിയൂർ ഫോറസ്റ്റ് റേഞ്ചർ സുധീർ നാരോത്ത് പറഞ്ഞു.