
കാസർകോട്: പള്ളിക്കര പഞ്ചായത്തിൽ പഞ്ചായത്ത് ഓഫീസിന്റെ വിളിപ്പാടകലെ വീടിന്റെ പേരിൽ നടക്കുന്ന അനധികൃത നിർമ്മാണം സംബന്ധിച്ച പരാതിയിൽ കാസർകോട് വിജിലൻസ് പരിശോധന നടത്തി. പഞ്ചായത്ത് ഓഫീസിന് തൊട്ടടുത്ത് പഞ്ചായത്ത് നിർമ്മാണ ചട്ടങ്ങളും തീരദേശ പരിപാലന നിയമങ്ങളും പാലിക്കാതെയും അനുമതി വാങ്ങാതെയുമാണ് നിർമ്മാണം നടന്നുകൊണ്ടിരുന്നത്. പള്ളിക്കര തെക്കുപുറം കുഞ്ഞിയഹമ്മദ് എന്നയാളുടെ പേരിലുള്ളതാണ് അനധികൃത നിർമ്മാണം നടക്കുന്ന കെട്ടിടം.
രണ്ടു നില നിർമ്മാണത്തിന് പഞ്ചായത്ത് അനുമതി നൽകിയിരുന്നു. എന്നാൽ അതിന്റെ മുകളിൽ രണ്ട് നില കൂടി പണിതത് അനുമതിയില്ലാതെയാണ്. പ്രസ്തുത നിർമ്മാണം ശ്രദ്ധയിൽപെട്ട പഞ്ചായത്ത് അധികൃതർ അനധികൃതമായി നിർമ്മിച്ച അധിക നിർമ്മാണങ്ങൾ പൊളിച്ച് മാറ്റുന്നതിന് നോട്ടീസ് നൽകിയിരുന്നു. എന്നിട്ടും അനധികൃത നിർമ്മാണം തുടരുകയായിരുന്നു. നോട്ടീസ് നൽകിയതല്ലാതെ പഞ്ചായത്ത് അധികൃതർ മറ്റ് നടപടികളൊന്നും സ്വീകരിച്ചിരുന്നില്ല.
കാസർകോട് വിജിലൻസ് ഡിവൈ.എസ്.പി കെ.വി. വേണഗോപാലിന്റെ നേതൃത്വത്തിൽ ഇന്നലെ നടത്തിയ മിന്നൽ പരിശോധനയുടെ ഭാഗമായി നിർമ്മാണ പ്രവർത്തനങ്ങൾ പഞ്ചായത്ത് സെക്രട്ടറി നിർത്തിവെച്ചു.
ഈ വീടിന്റെ മുൻവശം പൊതുമരാമത്ത് സ്ഥലം കയ്യേറി ഇന്റർലോക്ക് പാകിയതായും ചെങ്കല്ല് കെട്ടി വെച്ചതായും കണ്ടെത്തി. പഞ്ചായത്ത് അധികൃതരും ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥരും കർശനമായ നടപടികൾ സ്വീകരിക്കാത്തതു കൊണ്ടാണ് ഇത്തരം കയ്യേറ്റങ്ങളും നിർമ്മാണങ്ങളും തുടർന്ന് കൊണ്ടിരിക്കുന്നതെന്നും ഇക്കാര്യത്തിൽ വിജിലൻസ് കർശന നടപടി സ്വീകരിക്കുമെന്നും ഡിവൈ.എസ്.പി കെ.വി വേണഗോപാലൻ പറഞ്ഞു. വിജിലൻസ് സംഘത്തിൽ അസി. ടൗൺ പ്ലാനർ ടി.വി ബൈജു, എ.എസ്.ഐമാരായ വി.ടി സുഭാഷ് ചന്ദ്രൻ, വി.എം മധുസൂദനൻ, സി.പി.ഒമാരായ പി.കെ രഞ്ജിത്ത് കുമാർ, എ.വി രതീഷ് എന്നിവരും ഉണ്ടായിരുന്നു.
ഹെലിപ്പാഡ് പണിയാൻ നീക്കം
പള്ളിക്കരയിലെ അനധികൃത കെട്ടിടത്തിന്റെ മുകൾ ഭാഗത്ത് ഹെലികോപ്റ്ററുകളും ചെറുവിമാനങ്ങളും ഇറക്കാൻ പാകത്തിൽ ഹെലിപ്പാഡ് പണിയാൻ നീക്കം നടക്കുന്നതായി വിജിലൻസ് സംഘത്തിന്റെ പരിശോധനയിൽ കണ്ടെത്തി. അതിനായി വൃത്താകൃതിയിലാണ് കെട്ടിടം പണിയുന്നത്.