നീലേശ്വരം: ജില്ലയിൽ ഹൗസ് ബോട്ടുകളുടെ എണ്ണം വർദ്ധിച്ചതോടെ വിനോദ സഞ്ചാരികളെ ആകർഷിക്കാൻ സ്വകാര്യ കയാക്കിംഗും പുഴകളിൽ വ്യാപകമായി. ഇത് വളരെയേറെ അപകടം വിളിച്ച് വരുത്തുന്നതുമാണ്. തേജസ്വിനി, നീലേശ്വരം, പുഴയിലാണ് സ്വകാര്യ കയാക്കിംഗ് ആരംഭിച്ചിട്ടുള്ളത്. അന്യ ദേശത്തു നിന്ന് വരുന്നവരായ വിനോദ സഞ്ചാരികൾക്കാവട്ടെ ഇവർക്ക് പുഴയെ കുറിച്ചോ പുഴയുടെ ഒഴുക്കിനെ കുറിച്ചോ ഒന്നുമറിയാത്ത വരാണ്. അതുകൊണ്ട് തന്നെ ഇവർക്ക് അപകടം വന്നാൽ മാത്രമെ പുഴയെ കുറിച്ച് അറിയാൻ സാധിക്കുകയുള്ളൂ. സർക്കാർ തലത്തിലാണെങ്കിൽ എവിടെയൊക്കെ ഇത്തരം കയാക്കിംഗ് തുടങ്ങിയിട്ടുണ്ട് എന്നതിന് യാതൊരു കണക്കുമില്ലെന്നും പറയുന്നു. ഇപ്പോൾ തന്നെ പുഴയിൽ പല സ്ഥലങ്ങളിലായി കയാക്കിംഗ് തുടങ്ങിയിട്ടുണ്ട്.
സ്വകാര്യ ഏജൻസികളോ വ്യക്തികളോ കയാക്കിംഗ് തുടങ്ങണമെങ്കിൽ കേരള ടൂറിസം വകുപ്പിന് കീഴിലുള്ള കേരള അഡ്വെഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റിയിൽ രജിസ്റ്റർ ചെയ്യണമെന്ന നിബന്ധനയുണ്ട്. ഇവർ ശുപാർശ ചെയ്താൽ മാത്രമേ കയാക്കിംഗ് തുടങ്ങാൻ സാധിക്കുകയുള്ളു. കൂടാതെ കയാക്കിംഗ് സ്ഥാപനത്തിൽ ഗോവ ആസ്ഥാനമായുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സിൽ നിന്ന് ട്രെയിനിംഗ് കോഴ്സ് സർട്ടിഫിക്കറ്റ് കഴിഞ്ഞവരായിരിക്കണം. സ്റ്റാഫ് മെഡിക്കൽ ഫിറ്റായിരിക്കണം. രണ്ട് വർഷത്തെ പരിചയമുണ്ടായിരിക്കണം. കൂടാതെ ലൈഫ് സേവിംഗ് ടെക്ക് നിക്കൽ സർട്ടിഫിക്കറ്റ് കൂടി വേണം. കൂടാതെ കയാക്കിംഗ് നടത്തുന്ന മേഖലയിൽ എസ്.ഐ.ഐ മാർക്കോടെയുള്ള ചെറിയ ബോട്ട് നിർബന്ധമാണ്. ലൈഫ് ജാക്കറ്റ് നിർബന്ധമാണ്. ബോട്ടിനും അനുബന്ധ ഉപകരണങ്ങൾക്കും ഇൻഷുറൻസ് നിർബന്ധമാണ്. ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റും ലഭിച്ചിരിക്കേണ്ടതാണ്.
മാനദണ്ഡങ്ങൾ ഒന്നും പാലിക്കാതെയാണ് കയാക്കിംഗ് തുടങ്ങിയിട്ടുള്ളതെന്ന ആരോപണവും ശക്തമാണ്. നിയമ പരമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെങ്കിൽ ഇത് ഏറെ അപകടം ക്ഷണിച്ചു വരുത്തുന്നതുമാണ്. അപകടം വരുത്തുന്നതിന് മുമ്പ് കയാക്കിംഗ് തുടങ്ങാനുള്ള മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്താൻ ജില്ല ടൂറിസം പ്രമോഷൻ കൗൺസിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും തയ്യാറാകണമെന്ന ആവശ്യവും നാട്ടുകാർ ഉന്നയിക്കുന്നു.