കണ്ണൂർ: സംസ്ഥാന കേരളോത്സവത്തിൽ പങ്കെടുക്കാനെത്തിയ 16 കാരന് എരുമയുടെ ആക്രമണത്തിൽ ഭയപ്പെട്ടോടുന്നതിനിടെ ഗേറ്റിന്റെ കമ്പി ദേഹത്ത് തുളഞ്ഞുകയറി ഗുരുതര പരിക്ക്. പാലക്കാട് മണ്ണാർക്കാട് സ്വദേശി കെ. ഷാമിലിനാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാത്രി 11ഓടെയാണ് സംഭവം. വട്ടപ്പാട്ട് മത്സരത്തിൽ പങ്കെടുത്ത് താമസ സ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് ഷാമിലിനെ എരുമ കുത്താനായി പിറകെ ഓടിയത്. രക്ഷപ്പെടാൻ ഓടുന്നതിനിടെ കണ്ണൂർ എം.എ റോഡിലെ താമസ സ്ഥലത്തെ ലോഡ്ജിന്റെ ഗേറ്റിന്റെ കമ്പി തോളത്തേക്ക് തുളച്ചു കയറുകയായിരുന്നു. തുടർന്ന് രക്തം വാർന്ന ഷാമിലിനെ കൂടെയുള്ളവർ ആശുപത്രിയിലെത്തിച്ചു. അപകടത്തിൽ കൈയിലെ തോളെല്ലിലെ ഞരമ്പിന് ക്ഷതമേറ്റിരുന്നു. തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.