തലശ്ശേരി: കായികരംഗത്ത് ഏറെ സംഭാവനകൾ നൽകിയ പഴയകാല കായിക താര സംഘടനയായ ഫ്ളാഷ്ബാക്ക് പ്രവർത്തകർ വീണ്ടും തലശ്ശേരിയിൽ ഒത്തുചേരുന്നു. ഫ്ളാഷ് ബാക്കിന്റെ രണ്ടാം കൂട്ടായ്മയുടെ ഉദ്ഘാടനം ശനിയാഴ്ച വൈകിട്ട് 6ന് കോണോർ വയൽക്രിക്കറ്റ് സ്റ്റേഡിയത്തിൽ കേരള നിയമസഭാ സ്പീക്കർ അഡ്വ. എ.എൻ. ഷംസീർ നിർവ്വഹിക്കും.
ഫ്ളാഷ്ബാക്ക് പ്രവർത്തകർ തയ്യാറാക്കിയ സുവനീർ പ്രകാശനവും സ്പീക്കർ നടത്തും. 200 ലേറെ വർഷങ്ങളുടെ പിൻ ചരിത്രമുള്ള തലശ്ശേരിയുടെ കായികപാരമ്പര്യം പ്രതിപാദിക്കുന്ന ആധികാരിക രേഖയാവും സുവനീർ എന്ന് സംഘടനയുടെ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് അവലംബിക്കാൻ ഉതകുന്ന സുവനീർ റഫറൻസ് ഗ്രന്ഥമായും ഉപയോഗിക്കാനാവും. കോപ്പികൾ എല്ലാ സ്‌കൂൾ ലൈബ്രറികളിലും പബ്ലിക് ലൈബ്രറികളിലും ലഭ്യമാക്കും. അനാരോഗ്യവും സാമ്പത്തിക പ്രയാസങ്ങളും അനുഭവിക്കുന്ന പഴയകാല കായിക താരങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കും ഫ്ളാഷ്ബാക്ക് സഹായങ്ങൾ നൽകി വരുന്നുണ്ട്. സംഘടനക്ക് സ്വന്തമായി ഒരു കെട്ടിടം പണിയാനുള്ള ശ്രമവും തുടങ്ങിക്കഴിഞ്ഞു. വാർത്താ സമ്മേളനത്തിൽ പി.കെ. സുരേഷ്, എം.പി. നിസാമുദ്ദിൻ, പ്രൊഫ. ഹാറൂൺ റഷീദ്, സി.ടി.കെ. അഫ്സൽ, ഒ.വി. മുഹമ്മദ് റഫീഖ് സംബന്ധിച്ചു.