മട്ടന്നൂർ: അയ്യല്ലൂരിൽ കണ്ടത് പുലി തന്നെയെന്ന് സ്ഥിരീകരിച്ചു. വനം വകുപ്പ് സ്ഥാപിച്ച കാമറയിലാണ് പുലിയുടെ ദൃശ്യം പതിഞ്ഞത്. ഇതോടെ പ്രദേശത്തെ ജനങ്ങൾ ആശങ്കയിലായി. മട്ടന്നൂർ നഗരസഭയിലെ അയ്യല്ലൂരിലാണ് കഴിഞ്ഞ ദിവസം രാവിലെ നാലോടെ റബ്ബർ ടാപ്പിംഗിനെത്തിയ പ്രദേശവാസിയായ അശോകൻ പുലിയെന്ന് സംശയിക്കുന്ന ജീവിയെ കണ്ടത്. പുലിയെ കണ്ടതിനെ തുടർന്നു ഓടി രക്ഷപ്പെട്ട ടാപ്പിംഗ് തൊഴിലാളി പൊലീസിലും വനം വകുപ്പിലും വിവരം നൽകുകയായിരുന്നു.
തുടർന്നു പ്രദേശത്ത് നടത്തിയ പരിശോധനയിലാണ് കാട്ടിനുള്ളിൽ കുറുനരിയെ കടിച്ചു കൊന്നിട്ട നിലയിൽ കണ്ടെത്തിയത്. കുറുനരിയുടെ പകുതിഭാഗം ഭക്ഷിച്ച നിലയിലായിരുന്നു. സ്ഥലത്ത് വനം വകുപ്പ് കാമറ സ്ഥാപിച്ചു. ഇന്നലെ രാവിലെ മട്ടന്നൂർ സി.ഐ എം. കൃഷ്ണന്റെ നേതൃത്വത്തിലെത്തിയ പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും പരിശോധന നടത്തി. പരിശോധനയിൽ കുറുനരിയുടെ ജഡം കഴിഞ്ഞ ദിവസം ഉണ്ടായ സ്ഥലത്ത് കാണാനായില്ലായിരുന്നു. കാട്ടിനുള്ളിൽ നടത്തിയ തിരച്ചലിൽ പത്ത് മീറ്റർ അകലെ തലയുടെ ഭാഗവും നൂറ് മീറ്റർ അകലെ ഭക്ഷിച്ചതിന്റെ ബാക്കി ഭാഗവും കണ്ടെത്തി.
കാട്ടിനുള്ളിൽ സ്ഥാപിച്ച മൂന്ന് കാമറയിൽ രണ്ടു കാമറകൾ കൊട്ടിയൂർ റേഞ്ച് ഓഫീസിലേക്ക് കൊണ്ടുപോയി പരിശോധിച്ചപ്പോഴാണ് പുലിയുടെ ദൃശ്യം കണ്ടെത്തിയത്. കുറുനരിയുടെ അവശിഷ്ടങ്ങൾ വലിച്ചു കൊണ്ടുപോകുന്ന ദൃശ്യവും കാമറയിൽ പതിഞ്ഞിരുന്നു.
പുലിയെ കണ്ടെത്തിയ സംഭവത്തിൽ ആശങ്ക വേണ്ട. ജനങ്ങൾ ജാഗ്രത പാലിക്കണം. രാത്രിയിലും രാവിലെയും ജനങ്ങൾ പ്രദേശത്ത് ഇറങ്ങി നടക്കാൻ പാടില്ല. വളർത്തു മൃഗങ്ങളെ ശ്രദ്ധിക്കണം.
വനം വകുപ്പ്