
തലശേരി: മലബാർ കാൻസർ സെന്റർ പുരോഗതിയുടെ ഒരു പടവുകൂടി പിന്നിടുന്നു. എം.സി.സിയിൽ നവീകരിച്ച ഒ.പി സമുച്ചയവും നഴ്സുമാരുടെയും വിദ്യാർത്ഥികളുടെയും ഹോസ്റ്റലും ഡിജിറ്റൽ പാത്തോളജിയും ഇന്ന് ഉച്ചയ്ക്ക് 12ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സ്പീക്കർ എ.എൻ ഷംസീർ അദ്ധ്യക്ഷനാകും. ആരോഗ്യമന്ത്രി വീണാ ജോർജ് മുഖ്യപ്രഭാഷണം നടത്തും.
കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി ആധുനിക സൗകര്യങ്ങളോടെ ശീതീകരിച്ച 34 ഒ.പി റൂമുകളും അനുബന്ധ സൗകര്യങ്ങളുമാണ് നവീകരിച്ച ഒ.പിയിൽ സജ്ജീകരിച്ചത്. സെമിനാർ ഹാൾ, കഫ്റ്റീരിയ, കാത്തിരിപ്പിനുള്ള ഇടങ്ങൾ എന്നിവയുമുണ്ട്. എംസിസിയിൽ ചികിത്സതേടി എത്തുന്നവർക്ക് കൂടുതൽ മികച്ച സൗകര്യമാണ് ഇതിലൂടെ ലഭിക്കുക.
ഹോസ്റ്റലിൽ 153 പേർക്ക് താമസിക്കാം
വിപുലീകരിച്ച നഴ്സസ് ആൻഡ് സ്റ്റുഡന്റ്സ് ഹോസ്റ്റലിൽ 153 പേർക്ക് താമസിക്കാനുള്ള സൗകര്യമാണ് സജ്ജമാക്കിയത്. 2010ൽ പ്രവർത്തനം ആരംഭിച്ച എംസിസിയുടെ നഴ്സസ് ഹോസ്റ്റലിൽ 25 മുറികളും 47 പേർക്ക് താമസിക്കാനുള്ള സൗകര്യമാണ് ഉണ്ടായിരുന്നത്. ആശുപത്രി വികസിച്ചതോടെ നഴ്സുമാരുടെ എണ്ണം വർദ്ധിച്ചു. പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസസ് ആൻഡ് റിസർച്ചായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി പി.ജി കോഴ്സും തുടങ്ങി.
നിർമ്മാണം പൂർത്തിയായ ഹോസ്റ്റലിൽ നഴ്സുമാർ, മറ്റു ജീവനക്കാർ, ബി.എസ്‌സി.എം.ആർ.ടി വിദ്യാർത്ഥികൾ, ബി.എസ്‌സി നഴ്സിംഗ് വിദ്യാർഥികൾ, പി.ജി വിദ്യാർത്ഥികൾ, ഗവേഷണ വിദ്യാർത്ഥികൾ എന്നിവർക്ക് താമസിക്കാനാകും. പഠനകേന്ദ്രം, ഭക്ഷണശാല, ലിഫ്റ്റ്, സിസിടിവി തുടങ്ങിയ സംവിധാനങ്ങളും ഏർപ്പെടുത്തി.
ഡിജിറ്റൽ പാത്തോളജി
ഡിജിറ്റൽ പാത്തോളജി സംവിധാനം വരുന്നതോടെ പാത്തോളജിസ്റ്റിന് കൂടുതൽ കാര്യക്ഷമമായും വേഗത്തിലും റിപ്പോർട്ടുകൾ തയ്യാറാക്കാനാകും. അക്കാഡമിക് ഗവേഷണങ്ങൾക്കും റിപ്പോർട്ട് എളുപ്പത്തിൽ ഉപയോഗിക്കാം. പൂർണമായും സ്ലൈഡ് ഇമേജ് സ്‌കാനർ ഉപയോഗിച്ച് ഗ്ലാസ് സ്ലൈഡുകൾ ഡിജിറ്റലൈസ് ചെയ്യുന്ന പ്രക്രിയയാണ് ഡിജിറ്റൽ പാത്തോളജിയിലൂടെ ചെയ്യുന്നത്.