
അഴീക്കോട്: ലക്ഷദ്വീപിലേക്ക് ചരക്ക് കടത്തിനായി അഴീക്കൽ തുറമുഖത്ത് ഒരു മാസത്തോളം നങ്കൂരമിട്ട ഉരു, ചരക്ക് ലഭിക്കാത്തതിനെ തുടർന്ന് ബേപ്പൂരിലേക്ക് തിരിച്ചു. നവംബർ 24നാണ് ഉരു അഴീക്കോട് തീരത്തെത്തിയത്. 280 ടൺ ചരക്ക് കയറ്റാനുള്ള ഉരുവിൽ ആകെ 100 ടൺ സിമന്റ് മാത്രമാണ് ലഭിച്ചത്.
കൂടുതൽ ചരക്കുകൾ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഇത്രയുംകാലം അഴീക്കലിൽ ഉരു നങ്കൂരമിട്ടത്. കെട്ടിട നിർമാണ സാമഗ്രികൾക്ക് അമിതവില നൽകാൻ സാധിക്കാത്ത സാഹചര്യത്തിൽ മറ്റുതലത്തിൽ ചരക്കുകൾ സ്വരൂപിക്കാൻ ശ്രമിച്ചെങ്കിലും അതും സാധിച്ചില്ല. മിതമായ നിരക്കിൽ കെട്ടിട നിർമ്മാണ സാധനങ്ങളടക്കം ആവശ്യമായ ചരക്ക് കിട്ടുമെന്നതിനാലാണ് ഉരു നേരെ ബേപ്പൂരിലേക്ക് മടങ്ങിയത്. എന്നാൽ ലക്ഷദ്വീപിൽനിന്നു തിരിച്ച് അഴീക്കോട്ടേക്ക് ചരക്ക് ലഭിക്കാൻ സാദ്ധ്യതയുണ്ടെന്ന് ഉരുവിലെ ജീവനക്കാർ പറഞ്ഞു.
മംഗളൂരു, ബേപ്പൂർ തുറമുഖങ്ങളെ അപേക്ഷിച്ച് ഒരു അടി ചരക്കിന് 10 രൂപ മുതൽ 20 രൂപ വരെ വില കൂടുതലാണ് ഇവിടത്തെ വ്യാപാരികൾ ആവശ്യപ്പെടുന്നത്. ഇത് കമ്പനിക്കാർക്ക് ഭീമമായ നഷ്ടം വരുത്തിവയ്ക്കും. കെ.വി സുമേഷ് എം.എൽ.എ.യുടെ നിർദ്ദേശപ്രകാരം ചേമ്പർ ഓഫ് കോമേഴ്സിനെ സമീപിച്ചെങ്കിലും അവരിൽ നിന്നും അനുകൂല സമീപനമുണ്ടായില്ല. ദിവസം 750 രൂപ തുറമുഖത്തിന് ഡമറേജ് ഉണ്ട്. ഒമ്പത് തൊഴിലാളികളുടെ ചെലവും വഹിക്കണം. അധികനാൾ ഉരു അഴീക്കലിൽ തമ്പടിച്ചാൽ കൂടുതൽ നഷ്ടം സഹിക്കേണ്ടി വരുമെന്ന സാഹചര്യത്തിലാണ് മടങ്ങിയത്.
കൽപേനി, കവരത്തി, ആന്ത്രോത്ത് എന്നീ ദ്വീപിൽ നിന്നുമാണ് ചരക്കുകൾക്കായി കൂടുതൽ ഓർഡർ ലഭിക്കുന്നത്. ദ്വീപിൽ നിന്നു തിരികെ കൊണ്ടുവരാൻ ആവശ്യത്തിന് മത്സ്യം ലഭിക്കുമെന്ന പ്രതീക്ഷയുമുണ്ട്.
വില്ലൻ വിലക്കയറ്റം
വിലക്കയറ്റം വില്ലനായതോടെ അഴീക്കലിൽ നങ്കൂരമിട്ട ഉരു ലക്ഷദ്വീപിലേക്ക് ചരക്ക് ലഭിക്കാതെ തുറമുഖത്ത് കുടുങ്ങുകയായിരുന്നു. മറ്റ് തുറമുഖത്തുനിന്നും ലഭിക്കുന്നതു പോലെ സാധനങ്ങൾ ഇവിടെ നിന്നും കയറ്റിക്കിട്ടിയാൽ അഴീക്കലിൽ നിന്നും മുടങ്ങാതെ സർവീസ് നടത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഉരു കമ്പനിക്കാർ.