
സമരങ്ങൾ കണ്ണൂരിന് പുത്തരിയില്ല. എന്നാൽ കഴിഞ്ഞ ആഴ്ച തികച്ചും വ്യത്യസ്തമായ ഒരു സമരത്തിന് കണ്ണൂർ സാക്ഷ്യംവഹിച്ചു. സി.പി. എം നേതാവ് ടി.കെ. ഗോവിന്ദൻ ചെയർമാനായ ഹാൻവീവിനെതിരെ മറ്റൊരു സി.പി. എം നേതാവ് ജെയിംസ് മാത്യു തൊഴിലാളികളെ സംഘടിപ്പിച്ച് സമരത്തിനിറങ്ങി. കൈത്തറി തൊഴിലാളികളുടെ സ്ഥാപനമായ ഹാൻവീവിൽ നാല് മാസത്തോളമായി ശമ്പളം മുടങ്ങിയതിനെ തുടർന്നാണിത്.
ഹാൻവീവ് എം.ഡിയെ കേട്ടാലറക്കുന്ന ഭാഷയിലാണ് സമരനായകൻ ജെയിംസ് മാത്യു വിശേഷിപ്പിച്ചത് . താൻ പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്ന് ജെയിംസ് മാത്യു വ്യക്തമാക്കിയതോടെ പോർമുഖം ശക്തമായി.
സി.പി.എം നേതാവ് ടി.കെ.ഗോവിന്ദൻ ചെയർമാനായ ഹാൻവീവ് എം.ഡി അരുണാചലത്തിന്റെ അനാസ്ഥമൂലം അടച്ചുപൂട്ടലിന്റെ ഭീഷണിയിലാണെന്ന് തൊഴിലാളികൾ പറയുന്നു.
സി.ഐ.ടി.യുവിന്റെ ഭാഗമായ കേരള ഹാൻഡ്ലൂം ഡവലപ്‌മെന്റ് കോർപ്പറേഷൻ എംപ്ലോയീസ് യൂണിയൻ ജില്ലാ പ്രസിഡന്റ് കൂടിയാണ് ജെയിംസ് മാത്യു . ഹാൻവീവിന്റെ കണ്ണൂരിലെ ഹെഡ് ഓഫീസിൽ എം.ഡിയുടെ കെടുകാര്യസ്ഥത നിമിത്തം പന്ത്രണ്ടുകോടിയുടെ തുണിത്തരങ്ങൾ വിറ്റഴിക്കാതെ കെട്ടികിടക്കുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു.
സി.ഐ.ടി.യു മുൻകൈയെടുത്ത് ഇവ വിറ്റുതരാമെന്ന് അറിയിച്ചെങ്കിലും എം.ഡി തുടർനടപടി സ്വീകരിക്കുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പരാതി.
2004 മുതൽ സർക്കാർ ജീവനക്കാർക്ക് അനുവദിച്ച മൂന്ന് ശമ്പള പരിഷ്കാരങ്ങളും ഹാൻവീവിലെ തൊഴിലാളികൾക്ക് അനുവദിച്ചിട്ടില്ല. തൊഴിലാളികൾക്ക് ശമ്പളം കിട്ടാത്ത അവസ്ഥയാണ്. കെട്ടികിടക്കുന്ന തുണി 50 ശതമാനം റിബേറ്റിൽ വിറ്റഴിച്ചാൽ അഞ്ച് കോടിയിലധികം തുക സമാഹരിക്കാം. തീരുമാനങ്ങൾ നടപ്പാക്കാൻ കഴിയാത്ത സ്ഥിതിയാണ് സ്ഥാപനത്തിലുള്ളത്. നഷ്ടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലെ എം.ഡി വാങ്ങുന്ന ശമ്പളം സംസ്ഥാന ചീഫ് സെക്രട്ടറിക്ക് മുകളിലാണെന്നുമാണ് തൊഴിലാളികൾ പറയുന്നു. കണ്ണൂരിന്റെ അഭിമാനസ്തംഭമായിരുന്നു ഹാൻവീവ്. എൽ.ഡി. എഫും യു.ഡി. എഫും തലപ്പത്തിരുന്നെങ്കിലും പ്രൊഫഷണലിസത്തിന്റെ ഹരിശ്രീ കുറിക്കാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടില്ല. എല്ലാ ജില്ലകളിലും കണ്ണായ സ്ഥലത്ത് ഷോറൂമുകൾ നിരവധിയുണ്ടെങ്കിലും കർച്ചീഫ് കച്ചവടം പോലും നടക്കുന്നില്ലെന്നാണ് സംസാരം. 36 ഷോറൂമുകളിലായി 1200 ജീവനക്കാരുണ്ട്. ശമ്പളത്തിന് മാത്രം ഒരുമാസം രണ്ട് കോടി രൂപയോളം വേണം.
വെട്ടിലാക്കിയത് പുറംകരാർ
നിലവിലുള്ള ജീവനക്കാർക്ക് നിലവിൽ മൂന്നിരട്ടി ജോലി ഭാരമാണുള്ളത്. ശമ്പളം ലഭിക്കാത്ത സാഹചര്യത്തിലും കൂടുതൽ ജോലിചെയ്യേണ്ട സാഹചര്യമാണ്. ഗുണമേന്മയുള്ള നൂല് യഥാസമയം തൊഴിലാളികൾക്ക് നൽകുന്നില്ല. ഹാൻവീവിനെ ഹാൻടെക്‌സുമായി ലയിപ്പിക്കുന്നതു സംബന്ധിച്ച നിർദ്ദേശവുമായി ഇപ്പോൾ സർക്കാരിനെ സമീപിച്ചിരിക്കുകയാണ്. സർക്കാർ ആവിഷ്കരിച്ച സ്‌കൂൾ യൂണിഫോം വിതരണ പദ്ധതി കൈത്തറി മേഖലക്ക് വലിയ ആശ്വാസമായിരുന്നു. എന്നാൽ, ഇക്കുറി വിതരണചുമതല സ്വകാര്യ വ്യക്തിക്ക് പുറംകരാർ നൽകിയതിലൂടെ കോർപ്പറേഷന് ഭീമമായ നഷ്ടമുണ്ടായി. പുറംകരാർ നൽകിയത് സംബന്ധിച്ച് വിജിലൻസ് അന്വേഷണവും തുടങ്ങിയിട്ടുണ്ടെന്നറിയുന്നു.
എം.ഡിയെ അധിക്ഷേപിച്ചതിന് ജെയിംസ് മാത്യു ഖേദം പ്രകടിപ്പിച്ചു. തൊഴിലാളികൾക്ക് ശമ്പളം മുടങ്ങിയതിന്റെ വികാരത്തിലാണ് താൻ പദപ്രയോഗം നടത്തിയത്. യൂണിയൻ പറയുന്നത് കേട്ട് പിന്തിരിഞ്ഞ് പോകാൻ താനില്ലെന്ന് ഹാൻവീവ് ചെയർമാൻ ടി.കെ.ഗോവിന്ദൻ പറയുന്നു. 2004 മുതൽ ശമ്പള പരിഷ്‌കരണമില്ലാത്തതാണ് നിലവിലെ പ്രശ്നം.എൽ.ഡി.എഫും യു.ഡി.എഫും ഭരിച്ചിട്ടും ശമ്പള പരിഷ്‌കരണം നടപ്പിലാക്കിയില്ല. അന്ന് യൂണിയനുകൾ ഇവിടെ ഇല്ലായിരുന്നോ?.അന്നത്തെ പ്രശ്നത്തിന് ഇപ്പോഴത്തെ എം.ഡിയെയും ചെയർമാനെയും പറഞ്ഞിട്ടെന്താണ് കാര്യം- ഗോവിന്ദൻ സമരത്തിനെതിരെ തുറന്നടിച്ചു.
രണ്ട് മാസത്തെ ശമ്പളമാണ് കുടിശ്ശികയായുള്ളത്. സർക്കാർ അഞ്ചുകോടി രൂപയോളം ഹാൻവീവിന് നൽകാനുണ്ട്. സാമ്പത്തികഞെരുക്കം കൊണ്ടാണ് സർക്കാർ ഫണ്ട് വൈകുന്നത്. ഇത് ലഭിച്ചാലുടൻ വേതനം നൽകും. ചെയർമാനായി സ്ഥാനമേറ്റതിനു ശേഷം ഹാൻവീവിൽ 24 കോടി രൂപയുടെ വിൽപ്പന നടന്നു. കോർപ്പറേഷനിൽ കെട്ടികിടക്കുന്ന തുണിത്തരങ്ങൾ ബോർഡിന്റെ പ്രത്യേക സമിതിയെവച്ച് മൂല്യനിർണയം നടത്തി 40 മുതൽ 70 വരെ ഡിസ്കൗണ്ടിൽ വിൽക്കാൻ നടപടിയെടുത്തിട്ടുണ്ടെന്നും ടി.കെ.ഗോവിന്ദൻ വ്യക്തമാക്കി.
മുടങ്ങിക്കിടക്കുന്ന ഡി.എ കുടിശ്ശിക മുൻകാല പ്രാബല്യത്തോടെ അനുവദിക്കണമെന്നും യൂണിയനുകൾ ആവശ്യപ്പെടുന്നു. അതേസമയം വൈവിദ്ധ്യവത്കരണം വഴി പിടിച്ചുനിൽക്കാനുള്ള മാനേജ്മെന്റിന്റെ പരിശ്രമത്തിന് തൊഴിലാളികളുടെ നിസഹകരണം തടസമാകുമോ എന്ന ആശങ്കയുമുണ്ട്.
തൃശ്ശൂർ മുതൽ കാസർകോട് വരെയുള്ള ഏഴ് ജില്ലകളിലെ സ്‌കൂളുകളിൽ 28 ലക്ഷം മീറ്റർ യൂണിഫോമാണ് ഹാൻവീവിന്റെ നേതൃത്വത്തിൽ വിതരണം ചെയ്തത്. സർക്കാരിൽ നിന്നുള്ള നെയ്ത്ത്, വിതരണ കൂലികൾ ലഭിച്ചാൽ ഒരുപരിധി വരെ പ്രതിസന്ധിക്ക് പരിഹാരമാകും. മാനേജ്‌മെന്റിന്റെ കെടുകാര്യസ്ഥത നിമിത്തം 80 ഷോറൂമുകളിൽ പകുതിയും പൂട്ടിപ്പോയിരുന്നു. ഹാൻവീവ് ആദ്യകാലത്ത് പയ്യാമ്പലത്തെ സ്വന്തം ഉടമസ്ഥതയിലുള്ള സ്ഥലത്തായിരുന്നു (പഴയ ബ്രിട്ടീഷ് കളക്‌റേറ്റ് ) . ഈ കെട്ടിടവും കോടികൾ വിലമതിക്കുന്ന 30 സെന്റ് സ്ഥലവും പുരാവസ്തു മ്യൂസിയം നിർമ്മിക്കാനായി പുരാവസ്തുവകുപ്പിന് മുമ്പ് സൗജന്യമായി കൈമാറിയിരുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ കെട്ടിടവും സ്ഥലം സൗജന്യമായി നൽകിയതിനെതിരെയും തൊഴിലാളികൾക്കിടയിൽ കടുത്ത എതിർപ്പുയർന്നിരുന്നു.