കാസർകോട്: കാലാവസ്ഥ വ്യതിയാനവും വിലയിടിവും കാർഷിക മേഖലക്ക് തിരിച്ചടിയാകുമ്പോൾ

കൂനിന്മേൽ കുരുവായി കവുങ്ങുകളിൽ പുതിയ രോഗവും. മലയോരത്തെ ആയിരക്കണക്കിന് കവുങ്ങ് കർഷകരെ ആശങ്കയിലാക്കിയാണ് പുതിയ രോഗം വ്യാപകമായി പടരുന്നത്. തുടക്കത്തിൽ മഞ്ഞപുള്ളി രോഗമായി കണ്ട് താമസിയാതെ കരിച്ചിലായി മാറുന്നതാണ് ആശങ്ക ഉണ്ടാക്കുന്നത്.

അടയ്ക്ക കുലയടക്കം കരിഞ്ഞുണങ്ങി പൂർണ നാശത്തിലേക്ക് നീങ്ങുകയാണ്. തുടക്കം ഒരു കവുങ്ങിലാണെങ്കിലും താമസിയാതെ തോട്ടത്തിലെ മറ്റെല്ലാ കവുങ്ങുകളിലേക്കും പടരുന്ന രോഗത്തിന് കാരണം ഒരു തരം ഫംഗസാണെന്നാണ് നിഗമനം. കർഷകരെ ദുരിതത്തിലാക്കി കവുങ്ങിന് ഇലപുള്ളി രോഗം വ്യാപകമായി പടർന്നു പിടിക്കുന്നത് കൃഷി വകുപ്പിനെയും ആശങ്കയിലാക്കിയിട്ടുണ്ട്. കാർഷിക ഉൽപ്പന്നങ്ങൾക്ക് പൊതുവെ വിലയിടിവ് സംഭവിച്ചതുകൊണ്ട് അടയ്ക്കയ്ക്ക് താരതമ്യേന മോശമല്ലാത്ത വില ലഭിക്കുന്നതിനാലാണ് കർഷകർ പിടിച്ചു നിൽക്കുന്നത്.

എന്നാൽ കവുങ്ങിന് ഇത്തരം രോഗം പിടിപെട്ടതോടെ കൃഷി വലിയ പ്രതിസന്ധി നേരിടുകയാണ്. ഇലപ്പുള്ളി രോഗ പ്രതിരോധത്തിനുള്ള കീടനാശിനികൾ കർഷകർക്ക് ലഭ്യമാക്കുന്നതിനുള്ള ഇടപെടൽ വേണമെന്ന് കർഷകരിൽ നിന്ന് ആവശ്യം ഉയർന്നിട്ടുണ്ട്. ബേഡഡുക്ക, കുറ്റിക്കോൽ, മുളിയാർ പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിലായി ഏക്കർ കണക്കിന് സ്ഥലത്തെ കവുങ്ങുകൾക്ക് രോഗം ബാധിച്ചിട്ടുണ്ട്. രോഗത്തിന്റെ വ്യാപനവും തീവ്രതയും നേരിൽ കണ്ട് മനസിലാക്കി പ്രതിരോധ മാർഗങ്ങൾ നിർദ്ദേശിക്കാൻ കൃഷി വകുപ്പ് ഉദ്യോഗസ്ഥരും സി.പി.സി.ആർ.ഐ ശാസ്ത്രജ്ഞരും മലയോരം സന്ദർശിച്ച് കർഷകർക്കായി ക്ലാസും നിർദ്ദേശങ്ങളും നൽകി വരുന്നുണ്ട്.

ഒരു പ്രദേശത്ത് മാത്രം പ്രതിരോധ മാർഗങ്ങൾ സംഘടിപ്പിക്കുന്നതിന് പകരം മുഴുവൻ തോട്ടങ്ങളിലും കീടനാശിനികൾ ഉപയോഗിച്ചുള്ള മരുന്ന് തെളിയിച്ച് രോഗം പരത്തുന്ന ഫംഗസുകളെ തുരത്തണമെന്നാണ് വിദഗ്ദ്ധ നിർദ്ദേശം. ബേഡഡുക്ക പഞ്ചായത്തിലെ ഭൂരിഭാഗം കർഷകരുടെ കവുങ്ങിൻ തോട്ടങ്ങളിൽ ഇലപ്പുള്ളി രോഗം പടരുന്ന സാഹചര്യത്തിൽ ബേഡഡുക്ക പഞ്ചായത്ത് ഭരണ സമിതി അടിയന്തരമായി വിഷയം ചർച്ച ചെയ്യുകയും കർഷകരെ സഹായിക്കാനായി രോഗ നിയന്ത്രണത്തിനായി കുമിൾ നാശിനികൾ സബ്സിഡി നിരക്കിൽ നൽകുകയാണ്.

കവുങ്ങുകൾക്ക് പിടിപെട്ട മഞ്ഞപുള്ളി രോഗം കർഷകർക്ക് വലിയ പ്രയാസമാണ് ഉണ്ടായിട്ടുള്ളത്. ഈ വർഷത്തെ അടയ്ക്ക ഉൽപാദനം തീരെ ഇല്ലാതാകുന്ന അവസ്ഥയാണ്. ഇലപുള്ളി രോഗമായതിനാൽ കവുങ്ങ് തന്നെ ഉണങ്ങി നശിക്കുന്ന സ്ഥിതിയാണുള്ളത്. മഹാളി രോഗം നിലവിലുണ്ടെങ്കിലും ഇത്തരം രോഗങ്ങൾ പ്രതീക്ഷിക്കാതെയാണ് വരുന്നത്.

എ. മാധവൻ, വൈസ് പ്രസിഡന്റ് ബേഡഡുക്ക