തളിപ്പറമ്പ്: തളിപ്പറമ്പ് മണ്ഡലം 'ഹാപ്പിനസ് ഫെസ്റ്റ്" 24ന് വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. എം.വി. ഗോവിന്ദൻ അദ്ധ്യക്ഷത വഹിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 23 ന് സ്ത്രീകളുടെ രാത്രി നടത്തം ലൈറ്റ് ഓഫ് ലൈഫ് എന്ന പരിപാടി വൈകിട്ട് ഏഴിന് കോൾ മൊട്ടയിൽ നടി മാലാപാർവ്വതി ഉദ്ഘാടനം ചെയ്യും. 31 വരെ നടക്കുന്ന ഫെസ്റ്റിവലിന്റെ ഭാഗമായി ആന്തൂർ നഗരസഭാ സ്റ്റേഡിയത്തിലാണ് പ്രശസ്ത കലാകാരന്മാർ അണിനിരക്കുന്ന കലാപരിപാടികൾ അരങ്ങേറുന്നത്. 25 ന് വൈകിട്ട് 6.30ന് ശരീര സൗന്ദര്യ പ്രദർശനം. 26 ന് വൈകിട്ട് അഞ്ചിന് മന്ത്രി അഹമ്മദ് ദേവർകോവിൽ സാംസ്കാരിക സായാഹ്നം ഉദ്ഘാടനം ചെയ്യും.
27ന് 5 മണിക്ക് സാംസ്കാരിക സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ ഉദ്ഘാടനം ചെയ്യും. 28ന് വൈകിട്ട് ആറിന് മന്ത്രി ജെ. ചിഞ്ചു റാണി സാംസ്കാരിക സായാഹ്നം ഉദ്ഘാടനം ചെയ്യും. 6.30 ന് നഗരസഭാ സ്റ്റേഡിയത്തിൽ നടൻ സന്തോഷ് കീഴാറ്റൂർ അവതരിപ്പിക്കുന്ന ഏകാംഗ നാടകം " പെൺ നടൻ " . എട്ടിന് റാസയും ബീഗവും ചേർന്നൊരുക്കുന്ന ഗസൽ രാവ് . 29ന് വൈകിട്ട് 6.30ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് സാംസ്കാരിക സായാഹ്നം ഉദ്ഘാടനം ചെയ്യും. 30ന് രാത്രി ഏഴിന് നഗരസഭാ സ്റ്റേഡിയത്തിൽ ഗുരു ഗോപിനാഥ് നടന ഗ്രാമത്തിലെ കലാകാരികളുടെ കേരള നടനം. സമ്മാന സായാഹ്നവും മണ്ഡലത്തിന്റെ വെബ്സൈറ്റ് ഉദ്ഘാടനവും മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിക്കും.
ഒമ്പതിന് നഗരസഭ സ്റ്റേഡിയത്തിൽ നടി നവ്യ നായരുടെയും സംഘത്തിന്റെയും നൃത്ത പരിപാടി. 31ന് വൈകിട്ട് ആറിന് പുതുവത്സരാഘോഷം എം.വി ഗോവിന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. എൻജിനീയറിംഗ് കോളേജ് ഗ്രൗണ്ടിൽ പുസ്തകോത്സവം, പ്രദർശനം, ചിൽഡ്രൻസ് അമ്യൂസ്മെൻറ് പാർക്ക്, ഫ്ലവർ ഷോ, ഫുഡ് കോർട്ട്, കൈത്തറിമേള എന്നിവ നടക്കും. പത്ത് ലക്ഷത്തിലേറെ പേർ പങ്കെടുക്കും. 20 രൂപ പ്രവേശന നിരക്ക്. വാർത്താസമ്മേളനത്തിൽ പി. മുകുന്ദൻ , കെ. സന്തോഷ്, എ. നിശാന്ത്, പി.ഒ മുരളീധരൻ , സി. അശോക് കുമാർ, എം.കെ മനോഹരൻ, സി.പി മുഹാസ് പങ്കെടുത്തു.