
തൃക്കരിപ്പൂർ: സന്തോഷ് ട്രോഫിക്കായുള്ള കേരള ടീമിൽ തൃക്കരിപ്പൂരിൽ നിന്നുള്ള രണ്ടു യുവതാരങ്ങളും. ഇളമ്പച്ചിയിലെ എ.പി. ഉസ്മാൻ - റാബിയ ദമ്പതികളുടെ മകൻ എം. റാഷിദ്, വൾവക്കാടെ വി.പി. മുഹമ്മദലി - ഇ.കെ. ഖൈറുന്നിസ ദമ്പതികളുടെ മകൻ ഇ.കെ. റിസ്വാൻ അലി എന്നിവരാണ് സംസ്ഥാന ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട തൃക്കരിപ്പൂരിലെ താരങ്ങൾ.
കണ്ണൂർ എസ്.എൻ. കോളേജ് വിദ്യാർത്ഥിയായ റാഷിദ് യൂണിവേഴ്സിറ്റി താരമാണ്. സംസ്ഥാന ചാമ്പ്യന്മാരായ കാസർകോട് ജില്ലാ ടീമലെ അംഗമാണ്. തൃക്കരിപ്പൂരിലെ ടി.എഫ്.എ. അക്കാഡമിയിലൂടെയാണ് ഫുട്ബാൾ രംഗത്തെത്തിയത്. രണ്ടാമത്തെ താരം റിസ്വാൻ അലി വൾവക്കാട് യു.എ.ഇയിലെ സെക്കൻഡ് ഡിവിഷൻ ലീഗിൽ ഹിലാൽ യുനൈറ്റഡിനു വേണ്ടിയും ഐ. ലീഗിൽ ചെന്നൈ സിറ്റി എഫ്.സിക്കുവേണ്ടിയും ബൂട്ടുകെട്ടിയിട്ടുണ്ട്. കേരള പ്രീമിയർ ലീഗിലെ പ്രകടനം വിലയിരുത്തിയാണ് റിസ്വാൻ ക്യാമ്പിലും തുടർന്ന് ടീമിലുമെത്തിയത്.
കാസർകോട് ജില്ലാ ഫുട്ബാൾ അസോസിയേഷൻ ജനറൽ സെക്രട്ടറി പടന്നയിലെ ടി.കെ. മുഹമ്മദ് റഫീഖ് ആണ് ടീമിന്റ മാനേജർ. കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ കേരളത്തിന്റെ ആദ്യ കളി 26 ന് രാജസ്ഥാനുമായാണ്.