പിലിക്കോട്: യന്ത്രവൽകൃത ചകിരി വ്യവസായ യൂണിറ്റുകൾ പ്രവർത്തന രഹിതമായി വർഷങ്ങളായിട്ടും സർക്കാരിന് അനക്കമില്ല. കേടായ യന്ത്രഭാഗങ്ങൾക്ക് പകരം പുതിയ മെഷിനറികൾ സ്ഥാപിക്കണമെന്ന സഹകരണ സംഘങ്ങളുടെ അപേക്ഷ പരിഗണിക്കാത്തതാണ് കയർ ഫെഡിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനം അടച്ചു പൂട്ടിക്കിടക്കുന്നതിന് ഇടയാക്കിയതെന്നാണ് ആക്ഷേപം.
കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇത്തരം നിരവധി സ്ഥാപനങ്ങൾ മൃതാവസ്ഥയിലായിട്ട് രണ്ടു വർഷത്തോളമായി. ഇതോടെ തൊഴിലാളികളും ജോലിയും കൂലിയുമില്ലാതായി. ഫാക്ടറി പ്രവർത്തിക്കുന്നില്ലെങ്കിലും 7500 രൂപയോളമുള്ള കറന്റ് ബില്ല് മാസാമാസം സ്ഥാപനത്തിലെത്തുന്നുണ്ട്.
തുടർച്ചയായി ബില്ലടക്കുന്നതിൽ വീഴ്ച വരുത്തിയതു കാരണം പിലിക്കോട് പ്രവർത്തിക്കുന്ന സഹകരണ സംഘം റവന്യൂ റിക്കവറി നടപടി നേരിടുന്നു. പിലിക്കോട്, തലിച്ചാലം, നീലേശ്വരം തുടങ്ങിയ സ്ഥലങ്ങളിലായി ഇത്തരം സ്ഥാപനങ്ങൾ പൂട്ടിക്കിടക്കുകയാണ്. നാട്ടിൻപുറങ്ങളിൽ നിന്ന് തൊണ്ട് ശേഖരിച്ച് ചകിരിനാര് ഉൽപ്പാദിപ്പിച്ച് ആലപ്പുഴ, കൊല്ലം തുടങ്ങിയവിടങ്ങളിലേക്ക് കയറ്റി അയക്കുകയായിരുന്നു പതിവ്. പ്രാദേശികമായി കയറുൽപ്പന്നങ്ങൾ നിർമ്മിക്കുന്ന ചെറിയ സ്ഥാപനങ്ങൾക്കും ചകിരിനാര് നൽകി വന്നിരുന്നു.
പത്തോളം കുടുംബങ്ങളുടെ ആശ്രയം
1993-ൽ പ്രവർത്തിക്കാൻ തുടങ്ങിയ പിലിക്കോടെ ഒരു യൂണിറ്റിൽ പത്തോളം സ്ത്രീ തൊഴിലാളികളാണ് ഉണ്ടായിരുന്നത്. ശമ്പളവും ബോണസുമടക്കം എല്ലാ ആനുകൂല്യവും നൽകി വരുന്നതിനിടയിൽ യന്ത്ര തകരാറ് ഉൽപ്പാദനം നിർത്തി വെക്കാൻ ഇടയാക്കി. ബീറ്റർ, ടർബോ ക്ലീനർ, ക്രീനർ, പ്രസ്സിംഗ് മെഷീൻ, മോട്ടോറുകൾ, കൺ വയർ സിസ്റ്റം തുടങ്ങിയവ അടങ്ങുന്നതാണ് ഒരു യൂണിറ്റ് . ഇതൊക്ക മാറ്റി സ്ഥാപിച്ചാലെ ഫാക്ടറിയുടെ പ്രവർത്തനം പുനരുജ്ജീവിപ്പിക്കാൻ കഴിയുള്ളൂ.
കേടായ യന്ത്രങ്ങൾ നന്നാക്കി പ്രവർത്തിപ്പിക്കാൻ സർക്കാർ സ്ഥാപനമായ സിൽക്കിനെ സമീപിച്ചിട്ടുണ്ട്. അവർ പരിശോധിച്ചിട്ട് പോയിട്ടുണ്ട്.
എ.വി. കുഞ്ഞികൃഷ്ണൻ, പ്രസിഡന്റ്
പിലിക്കോട് യന്ത്രവൽകൃത
ചകിരി വ്യവസായ സഹകരണ സംഘം