highway

കാസർകോട്: മലയോര ഹൈവെയുടെ നന്ദാരപദവ് - ചെറുപുഴ ഭാ​ഗത്തെ പ്രവൃത്തികൾക്കായി വനഭൂമി വിട്ടുകിട്ടുന്നതിനുള്ള തടസ്സം നീങ്ങി. ദേലംപാടി പഞ്ചായത്തിലെ പാണ്ടി-പള്ളഞ്ചി വനമേഖല ഉൾപ്പെടുന്ന പ്രദേശത്താണ് വനഭൂമി വിട്ടുകിട്ടുന്നതിന് പ്രയാസം നേരിട്ടത്.

നിർദ്ദിഷ്ട മലയോര ഹൈവേയിൽ കാസർകോട് ജില്ലയിൽപ്പെടുന്ന 127.42 കിലോമീറ്റർ നീളമുള്ള നന്ദാരപദവ് - ചെറുപുഴ ഭാഗം വരെയുള്ളതും വനഭൂമിയിലൂടെ കടന്നുപോകുന്നതുമായ ഹൈവേയിൽ എടപ്പറമ്പ - കോളിച്ചാൽ വരെയുളള ഭാഗത്ത് നഷ്ടപ്പെടുന്ന 4.332 ഹെക്ടർ വനഭൂമിക്ക് പകരം വനവത്കരണത്തിന് ഭൂമി നൽകുന്നതിന് മന്ത്രിസഭായോഗം തീരുമാനിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിൽ ആവശ്യമായ ഭൂമി ലഭ്യമല്ലാത്തതിനാൽ ഭീമനടി വില്ലേജിലെ റവന്യൂഭൂമി കേന്ദ്രപരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം പുറപ്പെടുവിച്ച മാർഗനിർദ്ദേശപ്രകാരം, സംസ്ഥാന വകുപ്പിന്റെ പേരിൽ പോക്കുവരവ് ചെയ്യുന്നതിന് ഉടമസ്ഥാവകാശം വനംവകുപ്പിന് കൈമാറുമെന്ന് സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ പറഞ്ഞു.