
മട്ടന്നൂർ: അയ്യല്ലൂരിൽ കണ്ടത് പുലിയാണെന്ന് സ്ഥിരീകരിച്ചതോടെ കണ്ടെത്താനായി വനം വകുപ്പ് പ്രദേശത്ത് കൂടുതൽ കാമറകൾ സ്ഥാപിക്കാനുള്ള ശ്രമം തുടങ്ങി. അതോടൊപ്പം വനം വകുപ്പും പൊലീസും പ്രദേശത്ത് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.
പുലിയെ കൂട് സ്ഥാപിച്ച് പിടിക്കാൻ അനുമതിയില്ലാത്തതിനാൽ പ്രദേശത്ത് തന്നെ ഉണ്ടോയെന്ന് പരിശോധിക്കുന്നതിനാണ് കാമറകൾ സ്ഥാപിക്കുന്നത്. പുലി വെള്ളം കുടിക്കാനെത്തുമെന്നുള്ള നിഗമനത്തെ തുടർന്ന് പരിസരത്തെ കുളങ്ങളുടെ പരിസരങ്ങളിലാണ് കാമറകൾ സ്ഥാപിക്കുക.
അതേസമയം അയ്യല്ലൂരിന്റെ പരിസര പ്രദേശമായ വെമ്പടി, ചിറക്കാടി മേഖലയിൽ പുലിയെ കണ്ടെന്ന പ്രചാരണത്തെ തുടർന്ന് വനം വകുപ്പ് അധികൃതരെത്തി തെരച്ചിൽ നടത്തി. കഴിഞ്ഞ ദിവസം രാത്രി പ്രദേശത്തെ വീട്ടുകാരാണ് പുലിയെന്ന് സംശയിക്കുന്ന ജീവിയെ കണ്ടത്. അയ്യല്ലൂരിൽ പുലിയുടെ സാന്നിദ്ധ്യമുണ്ടായ കാടിന്റെ മറുവശത്തായാണ് ഈ പ്രദേശം. പന്നിയായിരിക്കാമെന്നാണ് വനം വകുപ്പിന്റെ പ്രാഥമിക നിഗമനം.
ചൊവ്വാഴ്ച പുലർച്ചെയാണ് അയ്യല്ലൂരിലെ കരൂഞ്ഞാലിലെ റബർ തോട്ടത്തിൽ പുലിയെ ടാപ്പിംഗ് തൊഴിലാളിയായ പ്രദേശവാസി അശോകൻ കണ്ടത്. തുടർന്ന് വനം വകുപ്പ് അധികൃതർ എത്തി കാമറ സ്ഥാപിച്ച് നടത്തിയ പരിശോധനയിലാണ് പുലിയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചത്. റോഡരികിലെ റബർ തോട്ടത്തോട് ചേർന്ന കാട് പിടിച്ച പറമ്പിലാണ് പുലിയെ കണ്ടെത്തിയത്. ഈ മേഖലയിൽ തന്നെ പുലി തമ്പ് ചെയ്യുന്നുണ്ടെന്നാണ് വനം വകുപ്പിന്റെ നിഗമനം. വനം വകുപ്പും ആർ.ആർ.ടി ഉദ്യോഗസ്ഥരും പ്രദേശത്ത് തെരച്ചിൽ നടത്തുന്നുണ്ട്. തോക്കുൾപ്പെടെയുള്ള ആയുധങ്ങളുമായാണ് പരിശോധന.
കൂട് വയ്ക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾക്ക് നിലവിലെ സാഹചര്യങ്ങളും പ്രതികൂലമാണ്. വനം വകുപ്പും പൊലീസും നടത്തിയ പരി ശോധനയിലാണ് കുറുനരിയുടെ ജഡം കാട്ടിനുള്ളിൽ കണ്ടത്. പുലിയാണെന്ന് സംശയം ഉയർ ന്നതോടെ വനം വകുപ്പ് കുറുനരിയുടെ അവശി ഷ്ടങ്ങൾ കണ്ട സ്ഥലത്ത് മൂന്ന് കാമറകൾ സ്ഥാപി ക്കുകയായിരുന്നു.
ജാഗ്രത പാലിക്കണം
മട്ടന്നൂർ നഗരസഭയിലെ അയ്യല്ലൂർ മേഖലയിൽ പുലിയെ കണ്ടതിനാൽ ആശങ്ക വേണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വനം വകുപ്പ് അധികൃതർ അറിയിച്ചു. മേഖലയിൽ അനൗൺസ്‌മെന്റും നടത്തുന്നുണ്ട്.
രാത്രിയിലും രാവിലെയും ജനങ്ങൾ പ്രദേശത്ത് ഇറങ്ങി നടക്കാൻ പാടില്ലെന്നും വളർത്തു മൃഗങ്ങളെ ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു.