നീലേശ്വരം: നീലേശ്വരം നഗരസഭയിൽ ചാത്തമത്ത് വാതക ശ്മശാനം പ്രവർത്തനസജ്ജമായി. അന്തരീക്ഷ മലിനീകരണം കുറഞ്ഞ, ഹൈടെക് സംവിധാനങ്ങളിൽ പ്രവർത്തിക്കുന്ന രണ്ട് വാതക ശ്മശാനങ്ങളാണ് ചാത്തമത്തും ചിറപ്പുറത്തുമായി നഗരസഭ നിർമ്മിക്കുന്നത്. ചാത്തമത്ത് നിർമ്മിക്കുന്ന വാതക ശ്മശാനമാണ് ഇപ്പോൾ പ്രവർത്തനസജ്ജമായിരിക്കുന്നത്.

77 ലക്ഷം രൂപ ചെലവഴിച്ച് ചാത്തമത്ത് നിർമ്മിച്ച ശ്മശാനത്തിന്റെ ട്രയൽ റൺ കഴിഞ്ഞ ദിവസം വിജയകരമായി പൂർത്തീകരിച്ചു. പുക ശുദ്ധീകരിച്ച് പുറത്തേക്ക് വിടുന്ന സജ്ജീകരണങ്ങൾ അടക്കം ശാസ്ത്രീയ സംസ്‌ക്കരണ രീതിയാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. പത്ത് ഗ്യാസ് സിലിണ്ടറുകൾ ഉപയോഗിച്ചാണ് ഇവിടത്തെ ബർണർ പ്രവർത്തിക്കുക. ശരാശരി ഒരു സിലിണ്ടർ എൽ.പി.ജി യാണ് മൃതദേഹം സംസ്‌ക്കരിക്കുവാൻ വേണ്ടി ചെലവാകുക.

ചിറപ്പുറത്ത് സ്ഥാപിക്കുന്ന ഗ്യാസ് ക്രിമിറ്റോറിയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളും അവസാന ഘട്ടത്തിലെത്തി. ബർണർ സ്ഥാപിക്കുന്ന പ്രവൃത്തികളാണ് ഇപ്പോൾ നടന്നു വരുന്നത്. നീലേശ്വരം നഗരസഭയുടെ ഫണ്ട് ഉപയോഗിച്ചു നിർമ്മിച്ച കെട്ടിടത്തിനകത്ത് ബർണർ സ്‌പോർസർ ചെയ്തിരിക്കുന്നത് നീലേശ്വരം റോട്ടറി ക്ലബാണ്. ചാത്തമത്തെയും ചിറപ്പുറത്തെയും ഗ്യാസ് വാതക ശ്മശാനങ്ങൾ പൂർത്തിയാകുന്നതോടു കൂടെ രണ്ട് വാതക ശ്മശാനങ്ങൾ ഉള്ള കേരളത്തിലെ അപൂർവ്വം തദ്ദേശ സ്ഥാപനങ്ങളിലൊന്നായി നീലേശ്വരം മാറും.