ഇരിട്ടി: ഗോണിക്കുപ്പ - മൈസൂർ ഹൈവേയിൽ തിത്തുമത്തിയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് പരിക്ക്. സാരമായി പരിക്കേറ്റ പാനൂർ മുത്താറി പീടിക സ്വദേശികളായ പൂവത്തും ചാലിൽ ഹൗസിൽ റഷീദ് (55), ഭാര്യ സുഹറ (44) എന്നിവരെ കണ്ണൂർ മിംസ് ആശുപത്രിയിലും ഇവരുടെ ബന്ധുവായ ചെണ്ടയാട് ദാറുസലാമിൽ നസീമ (35), മക്കളായ സയ്യാൻ (13), സായിൻ (11), സെനു(4) എന്നിവരെ തലശ്ശേരി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ 9 മണിയോടെയായിരുന്നു അപകടം. കാർ പൂർണ്ണമായും തകർന്നു. സമീപത്തെ താമസക്കാരും വഴിയാത്രക്കാരുമാണ് കാറിൽ കുടുങ്ങിയവരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് ഇവരെ കണ്ണൂർ, തലശ്ശേരി ആശുപത്രികളിലേക്ക് മാറ്റുകയായിരുന്നു.