കൊട്ടിയൂർ: ബഫർ സോണുമായി ബന്ധപ്പെട്ട് പുറത്തുവന്ന രണ്ടാമത്തെ മാപ്പും വിവാദമായ സാഹചര്യത്തിൽ മാപ്പിൽ വ്യക്തത വരുത്തുന്നതിനായി വനം, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരെ കൊട്ടിയൂർ പഞ്ചായത്ത് ഭരണസമിതി വിളിച്ചു വരുത്തി സംയുക്തയോഗം ചേർന്നു. പുറത്തുവിട്ട രണ്ട് മാപ്പുകളും പരിശോധിച്ച് ബഫർ സോൺ കൃത്യമായി അടയാളപ്പെടുത്തി ലഭിക്കുന്നതിനായാണ് ഉദ്യോഗസ്ഥരെ യോഗത്തിലേക്ക് വിളിച്ചുവരുത്തിയത്.

കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് റോയി നമ്പുടാകം, കൊട്ടിയൂർ ഫോറസ്റ്റ് റേഞ്ച് ഓഫീസർ സുധീർ നരോത്ത്, ആറളം വൈൽഡ് ലൈഫ് അസിസ്റ്റന്റ് വാർഡൻ പി. പ്രസാദ്, കൊട്ടിയൂർ വില്ലേജ് ഓഫീസർ രാധ, പഞ്ചായത്ത് സെക്രട്ടറി സത്യൻ, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ ഷാജി പൊട്ടയിൽ, ഉഷ അശോക് കുമാർ, മറ്റ് പഞ്ചായത്തംഗങ്ങളും പങ്കെടുത്തു.

ബഫർസോണുമായി ബന്ധപ്പെട്ട് പുറത്തുവിട്ട രണ്ടു മാപ്പുകളും പരിശോധിച്ചതിൽ ബഫർസോൺ പരിധി കൃത്യമായി അടയാളപ്പെടുത്താതിരുന്നത് ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. ഇത് പരിഹരിക്കുന്നതിനായാണ് പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും ഉദ്യോഗസ്ഥരും ഒന്നിച്ചിരുന്ന് മാപ്പുകൾ താരതമ്യം ചെയ്തത്. സീറോ പോയിന്റാണ് പഞ്ചായത്തിന്റെ ആവശ്യമെങ്കിലും ഈ ഒരു കിലോമീറ്റർ പരിധിയുടെ അതിർത്തി എവിടെയാണെന്ന പഞ്ചായത്ത് പ്രസിഡന്റിന്റെ ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകാൻ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ല. നിലവിൽ വന്ന മാപ്പിൽ അവ്യക്തതകളുണ്ടെന്ന വിവരം മുഖ്യമന്ത്രിയേയും, വനം - റവന്യൂ മന്ത്രിമാരേയും അറിയിച്ചിട്ടുണ്ട്.

വനംവകുപ്പ് നൽകിയിരിക്കുന്ന മാപ്പിലെ ബഫർ സോൺ അതിർത്തികൾക്കുള്ളിൽ ഏതൊക്കെ സർവ്വേ നമ്പറുകളിൽപ്പെടുന്ന നിർമ്മിതികളാണ് ഉൾപ്പെടുന്നതെന്നുമുള്ള വിവരം കൃത്യമായി അടയാളപ്പെടുത്തി ഇന്നു തന്നെ അറിയിക്കണമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം ധരിപ്പിച്ചിട്ടുണ്ട്. ബഫർ സോൺ പരിധിക്കുള്ളിൽ പഞ്ചായത്തിലെ വാർഡുകൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ തുടർനടപടികൾ സ്വീകരിക്കേണ്ടതുണ്ട്.

പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം