
മൂന്ന് മാസത്തിനിടെ പിഴയീടാക്കിത് ഏഴ് സ്ഥാപനങ്ങൾക്ക്
കണ്ണൂർ:പാചക എണ്ണയുടെ പുനരുപയോഗം ജില്ലയിൽ വ്യാപകമെന്ന് ഭക്ഷ്യ സുരക്ഷാവകുപ്പിന്റെ കണ്ടെത്തൽ. മൂന്ന് മാസത്തിനിടയിൽ പരിശോധിച്ച 30 സാമ്പിളുകളിൽ ഏഴെണ്ണം പുനരുപയോഗം കണ്ടെത്തി. തട്ടുകടകളിലും റെസ്റ്റോറന്റുകളിലും മറ്റും പാചക എണ്ണയുടെ പുനരുപയോഗം സംബന്ധിച്ച് ലഭിക്കുന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന കർശ്ശനമാക്കുന്നത്.
ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.ഐ ) യുടെ മുന്നറിപ്പ് പ്രകാരം പാചക എണ്ണ വീണ്ടും ചൂടാക്കുന്നത് വിഷ പദാർത്ഥങ്ങൾ പുറത്തുവിടുന്നതിനും ശരീരത്തിലെ ഫ്രീ റാഡിക്കലുകളുടെ വർദ്ധനവിനും കാരണമാകുന്നു. ഇത് പലതരം വിട്ടുമാറാത്ത രോഗങ്ങൾക്കിടയാക്കും. ട്രാൻസ്ഫാറ്റുണ്ടാകാതിരിക്കാനാണ് എണ്ണയുടെ പുനരുപയോഗം കർശ്ശനമായി തടയുന്നത്.
ദിവസവും 50 ലിറ്റർ എണ്ണ പാചകത്തിന് ഉപോഗിക്കുന്ന സ്ഥാപനങ്ങളിൽ ബാക്കിയുള്ള എണ്ണ ബയോ ഡീസൽ കമ്പനിക്ക് കൈമാറണമെന്നാണ് കേന്ദ്രത്തിന്റെ വ്യവസ്ഥ.കേരളത്തിൽ ഇത് 20 ലിറ്ററാണ്.ഈ വ്യവസ്ഥയുൾപ്പെടെ പാലിക്കുന്നുണ്ടോയെന്നും പരിശോധിച്ചുവരികയാണ്.
ഫുഡ് സേഫ്റ്റി ഓൺ വീൽസ്
ഫുഡ് സേഫ്റ്റി ഓൺ വീൽസ് (എഫ്.എസ്.ഡബ്ല്യൂ) എന്ന പദ്ധതിയിലൂടെ ഒാരോ ദിവസം ഓരോ നിയോജക മണ്ഡലത്തിലും പാൽ,കുടിവെള്ളം,പുനരുപയോഗിക്കുന്ന എണ്ണ ,അച്ചാറുകൾ തുടങ്ങിയവയുടെ പരിശോധന നടക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.2016 ന് ശേഷം തുടങ്ങിയ പദ്ധതി പത്ത് പഞ്ചായത്തുകൾ സമ്പൂർണ്ണ ഭക്ഷ്യ സുരക്ഷാ പഞ്ചായത്താക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടപ്പിലാക്കിയത്.
ടി.പി.സി 25ശതമാനത്തിൽ താഴെ
പാചകത്തിന് ഉപയോഗിക്കുന്ന എണ്ണയിലെ ഉപ്പിന്റെയും രാസഘടകങ്ങളുടെയും സാന്നിധ്യം കണക്കാക്കുന്ന
ടോട്ടൽ പോളാർ കോമ്പൗണ്ട് (ടി.പി.സി) 25 ശതമാനത്തിന് താഴെ ആണെങ്കിൽ മാത്രമെ പുനരുപയോഗിക്കാൻ പാടുള്ളു.എന്നാൽ പിഴ ചുമത്തിയ സാമ്പിളുകളിൽ ടി.പി.സി 40 ശതമാനം വരെ കണ്ടെത്തിയിട്ടുണ്ട്.ഈ എണ്ണ വീണ്ടും ഉപയോഗിക്കുമ്പോൾ ഘടനയിൽ വലിയ മാറ്റവുമുണ്ടാകും.ഇത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും.
ഈ സാമ്പത്തിക വർഷം ചുമത്തിയ പിഴ ₹15 ലക്ഷം
നവംബറിൽ ₹42,60,000
വില്ലനാണ്
രക്ത സമ്മർദ്ദം വർദ്ധിക്കും
അസിഡിറ്റിയും ദഹനക്കേടും
കൊളസ്ട്രോളിന്റെ അളവ് കൂടും
കാൻസറിനുള്ള സാദ്ധ്യത
പാചക എണ്ണകളുടെ പുനരുപയോഗം സംബന്ധിച്ച് കർശ്ശന പരിശോധന നടത്തുന്നുണ്ട്.എണ്ണകളുടെ പുനരുപയോഗം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവെക്കും.
കെ.സുജയൻ,നോഡൽ ഒാഫീസർ ,ഭക്ഷ്യ സുരക്ഷാ വകുപ്പ്