muhamad-haneefa

കാസർകോട്: കുമ്പള ആരിക്കാടി കുന്നിൽ ഖിളിരിയ ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന മുഹമ്മദ് ഹനീഫ (48) മുംബൈയിൽ മരിച്ചത് പത്തംഗ സംഘത്തിന്റെ ക്രൂരമർദ്ദനത്തെ തുടർന്നാണെന്ന് വിവരം.സംഭവവുമായി ബന്ധപ്പെട്ട് കെട്ടിട ഉടമ മുംബൈയിലെ നൂറുൽ അമീൻ റഹ്മാൻ ഷേഖ്, മകൻ മുഹമ്മദ് അലി അമീൻ ഷേഖ്, തൊഴിലാളി ആതിക് യൂസഫ് റഹ്മാൻ എന്നിവരെ അറസ്റ്റുചെയ്തു. കൊലയ്ക്ക് പിന്നിൽ ഏഴുപേർക്ക് പങ്കുള്ളതായി പൊലീസ് പറഞ്ഞു.

ഹനീഫ 12 വർഷം മുമ്പ് ഡി.എൻ റോഡിലെ നൂറുൽ അമീൻ ഇസ്ലാം ഷേഖിന് 25 ലക്ഷം രൂപ ഡെപ്പോസിറ്റ് നൽകി മലബാർ റസിഡൻസി എന്ന പേരിൽ ഗസ്റ്റ്ഹൗസ് നടത്തിവരികയായിരുന്നു. ഈ കെട്ടിടം ഒഴിഞ്ഞുനൽകാൻ ആവശ്യപ്പെട്ട ഉടമയോട് ‌ ഹനീഫ ഡെപ്പോസിറ്റ് തിരികെ ചോദിച്ചിരുന്നു. എന്നാൽ ഇതിന് തയ്യാറാകാത്ത ഉടമ ഹനീഫയ്ക്കെതിരെ വധഭീഷണി മുഴക്കുകയായിരുന്നുവെന്ന് സുഹൃത്തുകൾ പറയുന്നു. എം.ആർ.ഐ പൊലീസ് സ്റ്റേഷനിൽ ഹനീഫ പലതവണ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. ആറിന് രാത്രി പ്രശ്നം പറഞ്ഞ് തീർക്കാനെന്ന പേരിൽ കെട്ടിടമുടമ ഹനീഫയെ ഗസ്റ്റ് ഹൗസിലേക്ക് വിളിച്ച് വരുത്തി സംഘം ചേർന്ന് ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. നിലവിളി കേട്ട പരിസര വാസികൾ അറിയിച്ചതനുസരിച്ച് എത്തിയ പൊലീസാണ് ഹനീഫയെ സെന്റ് ജോർജ്ജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചത്. നില ഗുരുതരമായതിനാൽ മുംബൈ ജെ.ജെ.ആശുപത്രിയിലേക്ക് മാറ്റി. 22ന് ആശുപത്രി വിട്ട ഹനീഫ വെള്ളിയാഴ്ച്ച പുലർച്ചെ ആറുമണിയോടെ കുളിമുറിയിൽ കുഴഞ്ഞ് വീഴുകയായിരുന്നു. പരിസരവാസികൾ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

ഹനീഫയുടെ മരണം ക്രൂരമായ മർദ്ദനത്തെ തുടർന്നാണെന്നും അന്വേഷണം ആവശ്യപ്പെട്ട് മഹാരാഷ്ട്ര മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സി.എച്ച്. അബ്ദുൽ റഹിമാൻ, ജമാഅത്ത് സെക്രട്ടറി മുഹമ്മദ് ഹനീഫ ഷിറിയ, ഹനീഫയുടെ ഭാര്യാ സഹോദരൻ അബ്ദുല്ല എന്നിവർ രംഗത്തെത്തിയിരുന്നു. മുംബൈ കേരള മുസ്ലിം ജമാഅത്തിന്റെ നിരന്തര ഇടപെടലിനെ തുടർന്നാണ് സംഘത്തെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറായതെന്നാണ് വിവരം. മുഹമ്മദ് ഹനീഫയുടെ മയ്യത്ത് വീട്ടിലെത്തിച്ചതിന് ശേഷം വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ കുമ്പോൽ ജുമാ മസ്ജിദ് അങ്കണത്തിൽ ഖബറടക്കി.