
തൃക്കരിപ്പൂർ: കൃഷിക്കാർക്ക് ഇരുട്ടടിയായി ശൈത്യകാലപച്ചക്കറി വിത്തുകൾക്ക് തീവില. സർക്കാർ കാർഷിക കേന്ദ്രങ്ങളിൽ വലിയ നിരക്കില്ലെങ്കിലും സ്വകാര്യവിപണികളിൽ വൻവിലയാണ് ഈടാക്കുന്നത്. പാവയ്ക്ക, പടവലം വിത്തൊന്നിന് ഏഴുരൂപയാണ് വിപണിവില എന്നറിയുമ്പോൾ ഇത് ബോദ്ധ്യപ്പെടും.
വെള്ളരി, കക്കിരി, വഴുതിന, മുളക്, നരമ്പൻ,വെണ്ട എന്നിവയുടെ പാക്കറ്റുകൾക്ക് ചില സ്വകാര്യകമ്പനികൾ ഇരുപത് രൂപയാണ് ഈടാക്കുന്നത്.ചില കമ്പനികൾ മുപ്പത്തിയഞ്ചു രൂപ വരെ ഈടാക്കുന്നുമുണ്ട്. ഹൈബ്രീഡ് എന്ന് പറയുന്നുണ്ടെങ്കിലും പലതും മുളക്കാതെ ഉപയോഗമാകുന്ന സ്ഥിതിയുമുണ്ട്.
കാർഷിക ഗവേഷണ കേന്ദ്രങ്ങളിൽ മിതമായ വിലയിൽ വിത്തുകളും തക്കാളി, വഴുതന, കാബേജ് തുടങ്ങിയവയുടെ തൈകളും ലഭിക്കുമെങ്കിലും നാമമാത്രമായ ആളുകളിലേക്ക് മാത്രമാണ് എത്തുന്നത്. ഇതിനാൽ സ്വകാര്യ കമ്പനികളുടെ വിത്തുകളെ ആശ്രയിക്കേണ്ട സ്ഥിതിയിലാണ് കർഷകർ.
കൂടിയ വില നൽകി വാങ്ങുന്ന ഇത്തരം വിത്തുകളിൽ പാതിമാത്രമെ മുളക്കാറുള്ളുവെന്നും കർഷകർ പരാതി പറയുന്നു.
നാടു നീങ്ങുന്നു നാടൻ
വീടുകളിൽ സൂക്ഷിക്കാറുള്ള നാടൻവിത്തിനങ്ങളായിരുന്നു കൃഷി ചെയ്തിരുന്നത്. ഉൽപ്പാദനത്തിനിടയിൽ വിത്തിനായി നീക്കിവെക്കാറുള്ള വിളവുകൾ മൂപ്പെത്തുമ്പോൾ ഉണക്കി ശേഖരിച്ച് അടുത്ത സീസണിലേക്ക് സൂക്ഷിച്ചുവെക്കുകയാണ് പതിവ്. എന്നാൽ സമീപകാലത്തായി ഉൽപ്പാദനം, മികച്ച വിളവ് തുടങ്ങിയ പ്രചരണങ്ങളിൽ കുരുങ്ങി നാട്ടുകാർ നാടൻ വിത്തുകളെ പാടെ ഉപേക്ഷിച്ച് ഹൈബ്രീഡ് വിത്തു ൾക്ക് പിറകെ ആളുകൾ പോകുന്ന പ്രവണതയാണുള്ളത്. മഹാരാഷ്ട്ര, തമിഴ് നാട് എന്നിവിടങ്ങളിൽ നിന്ന് ചില വൻകിട കമ്പനികൾ തങ്ങളുടെ വിത്തുകൾക്ക് സംസ്ഥാനത്തെ ചെറുകിട കർഷകർക്കിടയിൽ മികച്ച മാർക്കറ്ര് കണ്ടെത്തിക്കഴിഞ്ഞു.